madan-mithra

കൊൽക്കത്ത: നൊബേൽ സമ്മാനമൊഴികെയുള്ള എല്ലാ പുരസ്കാരങ്ങളും മുഖ്യമന്ത്രി മമതാ ബാനർജി നൽകിയിട്ടും രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദി വഞ്ചകനാണെന്ന് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മദൻ മിത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മമത ത്രിവേദിയെ എം.പിയായി രാജ്യസഭയിലേക്കയക്കുകയായിരുന്നുവെന്നും മിത്ര പറഞ്ഞു. ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ പാർട്ടിയെ അതൊന്നും ബാധിക്കില്ലെന്നും മിത്ര കൂട്ടിച്ചേത്തു.

ത്രിവേദിയുടെ രാജി ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റമാണെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി ത്രിവേദിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ പ്രസ്താവിച്ചു. അതേസമയം, ബംഗാളിന് വേണ്ടി എന്തും ചെയ്യുന്നതിൽ കുറ്റബോധമില്ലെന്ന് ബി.ജെ.പിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തോട് ത്രിവേദി പ്രതികരിച്ചു.