
ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രകൃതിദുരന്തങ്ങളും കൃഷിനാശവും നേരിട്ട അഞ്ച് സംസ്ഥാനങ്ങൾക്കായി 3113 കോടി രൂപ നൽകുന്നതിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് അംഗീകാരം നൽകിയത്. ആന്ധ്രാപ്രദേശ്, ബീഹാർ, തമിഴ്നാട്, പുതുച്ചേരി, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
2020 ലെ വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ (നിവാർ, ബ്യൂറേവി), കീട ആക്രമണം എന്നിവ ബാധിച്ച പ്രദേശങ്ങൾക്കാണ് അധിക കേന്ദ്ര സഹായത്തിന് ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റി അംഗീകാരം നൽകിയത്. തെക്ക്പടിഞ്ഞാറൻ മൺസൂൺ മൂലം വെളളപ്പൊക്കം നേരിട്ട ആന്ധ്രയ്ക്ക് 280.78 കോടി രൂപയും ബിഹാറിന് 1255.27 കോടി രൂപയും ലഭിക്കും.
നിവാർ ചുഴലിക്കാറ്റിന് 63.14 കോടി രൂപയും ബ്യൂറേവി ചുഴലിക്കാറ്റിന് 223.77 കോടി രൂപയും ഉൾപ്പെടെ തമിഴ്നാടിന് ആകെ 286.91 കോടി രൂപ ലഭിക്കും. 'നിവാർ' ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് 9.91 കോടിയാകും ലഭിക്കുക. ഖാരിഫ് സീസണിൽ കീട ആക്രമണം നേരിട്ട മദ്ധ്യപ്രദേശിലെ കാർഷിക മേഖലയ്ക്ക് 1,280.18 കോടി രൂപ ലഭിക്കും. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ (എൻഡിആർഎംഎഫ്) നിന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശത്തിനും അധിക കേന്ദ്ര സഹായം ലഭിക്കുന്നത്.