
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജയായ ആകാംക്ഷ അറോറ(34). യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം(യു..എൻ..ഡി..പി) ഓഡിറ്റ് കോഓഡിനേറ്ററായ ആകാംക്ഷ ഇപ്പോൾ പ്രചാരണപ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇക്കൊല്ലം ഡിസംബർ 31 നാണ് ഗുട്ടറെസിന്റെ പ്രവർത്തനകാലാവധി അവസാനിക്കുന്നത്. 75 കൊല്ലം പ്രവർത്തിച്ചിട്ടും ലോകത്തോടുള്ള വാഗ്ദാനം പൂർത്തിയാക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞിട്ടില്ല, അഭയാത്ഥികൾക്ക് സംരക്ഷണം ഒരുക്കിയിട്ടില്ല, മനുഷ്യത്വപരമായ സഹായം ചെയ്യുന്നതിലും സംഘടന പരാചയപ്പെട്ടു. പുരോഗതിയിലേക്ക് നയിക്കാൻ പ്രാപ്തമായ ഐക്യരാഷ്ട്രസഭയാണ് നമുക്കാവശ്യം. അറോറ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. 'നിലവിലെ പ്രവർത്തനങ്ങളിലുള്ള അപാകത ചൂണ്ടിക്കാട്ടാൻ, അതിനെതിരെ പ്രവർത്തിക്കാന്‍, ഒരു മാറ്റം വരുത്താൻ ആദ്യമായി ആരെങ്കിലും ധൈര്യത്തോടെ തയാറാവണം, അതിനാലാണ് മത്സരിക്കുന്നത്. യോഗ്യതയില്ലാത്ത ഒരാളിലേക്ക് അധികാരമെത്തിച്ചേരാൻ അനുവദിക്കരുത്, അനിവാര്യമായ മാറ്റത്തെ പ്രതിനിധീകരിക്കുന്ന തലമുറയിലെ അംഗമാണ് ഞാനും. മാറ്റത്തെ കുറിച്ച് വെറുതെ പറയുകയല്ല, മാറ്റം ഉണ്ടാക്കിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്.. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ചിത്രീകരിച്ചിരിക്കുന്ന രണ്ടര മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ അറോറ പറഞ്ഞു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ തന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും അറോറ നന്ദിയും അറിയിക്കുന്നതിനൊപ്പം തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.