-india-cricket-

രോഹിതിന് സെഞ്ച്വറി(161),ഇന്ത്യ 300/6

ചെന്നൈ : തകർപ്പൻ സെഞ്ച്വറിയുമായി നെഞ്ചുവിരിച്ചു നിന്ന രോഹിത് ശർമ്മയുടെ (161)യുടെയും അർദ്ധസെഞ്ച്വറി നേടി ഫോം വീണ്ടെടുത്ത അജിങ്ക്യ രഹാനെയുടെയും (67) പോരാട്ടവീര്യം ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയെ 300/6 എന്ന സ്കോറിലെത്തിച്ചു.ഇൻഫോം ഓപ്പണർ ശുഭ്മാൻ ഗില്ലും നായകൻ വിരാട് കൊഹ്‌ലിയും ഡക്കായെങ്കിലും രോഹിത്-രഹാനെ സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 262 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ചേതേശ്വർ പുജാര 21 റൺസുമായും രവിചന്ദ്രൻ അശ്വിൻ 13 റൺസുമായും പുറത്തായപ്പോൾ 33 റൺസുമായി റിഷഭ് പന്തും അഞ്ചുറൺസുമായി അക്ഷർ പട്ടേലുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.

പതിവിന് വിപരീതമായി ടോസ് ഇന്നലെ വിരാടിനെ അനുഗ്രഹിച്ചപ്പോൾ ഇന്ത്യ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.ആദ്യ ടെസ്റ്റിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. സ്പിന്നർ ഷഹ്ബാസ് നദീമിനെ മാറ്റി കുൽദീപ് യാദവിനെയും വാഷിംഗ്ടൺ സുന്ദറിന് പകരം അക്ഷർ പട്ടേലിനെയും ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെയും കളത്തിലിറക്കി. ഇംഗ്ളണ്ട് നിരയിൽ പേസർ ജെയിംസ് ആൻഡേഴ്സണ് പകരം സ്റ്റുവർട്ട് ബ്രോഡ് എത്തി. വിക്കറ്റ് കീപ്പർ ബെൻ ഫോക്സ്,പേസർ ഒല്ലി സ്റ്റോൺ,സ്പിന്നർ മൊയീൻ അലി എന്നിവരും കളത്തിലിറങ്ങി. ആദ്യ ടെസ്റ്റിൽ ആൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഡോം ബെസിനെ ഒഴിവാക്കി.

ടോസ് നേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തുടക്കമാണ് ഇംഗ്ളണ്ട് നൽകിയത് .സ്കോർ ബോർഡ് തുറക്കും മുന്നേ ഇൻഫോം ഓപ്പണർ ശുഭ്മാൻ ഗില്ലിന് കൂടാരം കയറേണ്ടിവന്നു. ഒല്ലീ സ്റ്റോണിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു ഗിൽ. തുടർന്നിറങ്ങിയ ചേതേശ്വർ പുജാരയ്ക്കൊപ്പം രോഹിത് പതിയെ കാലുറപ്പിച്ചു. ഇരുവരും ചേർന്ന് മികച്ച രീതിയിൽ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ പുജാര പുറത്തായി. ജാക്ക് ലീച്ചിന്റെ ഓഫ് സ്റ്റപിന് പുറത്തേക്ക് കുത്തിത്തിരിഞ്ഞ പന്ത് സ്ളിപ്പിൽ നിന്നിരുന്ന ബെൻ സ്റ്റോക്സിന്റെ കയ്യിലേക്ക് തട്ടിയിടുകയായിരുന്നു പുജാര. 58 പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കം 21 റൺസ് നേടിയ പുജാര രോഹിതിനൊപ്പം 85 റൺസാണ് കൂട്ടിച്ചേർത്തത്.

തുടർന്ന് ക്രീസിലെത്തിയ നായകൻ കൊഹ്‌ലി അപ്രതീക്ഷിതമായി പുറത്തായത് ഇന്ത്യൻ ആരാധകരെ അമ്പരപ്പിച്ചു. നേരിട്ട അഞ്ചാമത്തെ പന്തിൽ മൊയീൻ അലിയ്ക്ക് മുന്നിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു കൊഹ്‌ലി. ഇതോടെ ഇന്ത്യ 86/3 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒരുമിച്ച മുംബയ്ക്കാരായ രോഹിതും രഹാനെയും ഇന്ത്യയെ സുക്ഷിതമായ സ്ഥാനത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.106/3 എന്ന നിയിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. പിന്നീ‌ട് രണ്ടാം സെഷൻ മുഴുവൻ ഇരുവരും വിക്കറ്റ് കളയാതെ ബാറ്റുചെയ്തു.ചായസമയത്ത് 189/3ലെത്തിച്ചു. ഇതിനിടയിൽ രോഹിത് സെഞ്ച്വറിയിലേക്ക് കടക്കുകയും ചെയ്തു. ചായയ്ക്ക് ശേഷം റൺറേറ്റ് ഉയർത്താനും ഇവർക്കായി. ടീം സ്കോർ 248ൽ നിൽക്കവേയാണ് രോഹിത് പുറത്തായത്. 327 മിനിട്ട് ക്രീസിൽ പി‌ടിച്ചുനിന്ന് 231 പന്തുകൾ നേരിട്ട രോഹിത് 18 ബൗണ്ടറികളു‌ടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയാണ് 161 റൺസെ‌ടുത്തത്.ലീച്ചിന്റെ പന്തിൽ മൊയീൻ അലിക്കായിരുന്നു ക്യാച്ച്. ടീം സ്കോർ 249-ൽ നിൽക്കെ രഹാനെയും പുറത്തായി. 149 പന്തുകളിൽ 9 ബൗണ്ടറിയടക്കം 67 റൺസടിച്ച രഹാനെ മൊയീൻ അലിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു.

തുടർന്ന് രവിചന്ദ്രൻ അശ്വിനെ കൂട്ടുനിറുത്തി റിഷഭ് പന്ത് സ്വതസിദ്ധശൈലിയിൽ സ്കോറിംഗ് തുടങ്ങി. 13 റൺസെ‌ുത്ത അശ്വിനെ ഇംഗ്ളീഷ് നായകൻ ജോ റൂട്ടാണ് മടക്കിഅയച്ചത്. കളിനിറുത്തുമ്പോൾ റിഷഭ് 55 പന്തുകളിൽ നിന്ന് അഞ്ച്ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് 33 റൺസെടുത്തിരിക്കുന്നത്. ആദ്യ ദിനം മുതൽ ടേൺ നൽകിയ പിച്ചിൽ ഇംഗ്ളീഷ് സ്പിന്നർമാരായ മൊയീൻ അലിയും ജാക്ക് ലീച്ചും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒല്ലി സ്റ്റോണിനും ജോ റൂട്ടിനും ഓരോ വിക്കറ്റ് ലഭിച്ചു.