rahul-gandhi

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനമുണ്ടായപ്പോൾ കോൺഗ്രസ് നേതാവും എം.പിയായ രാഹുൽ ഗാന്ധി ഒരു ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇന്ദ്രപ്രസ്ഥം വിറച്ചപ്പോൾ കൂളായിരുന്ന് ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണിപ്പോൾ. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി ഓൺലൈനിൽ ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.ട്രോളുകളെക്കുറിച്ചും കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന സർക്കാർ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉടൻ തന്നെ, എന്റെ മുറി മുഴുവൻ കുലുങ്ങുന്നുണ്ട് ഭൂചലനമാണെന്നാണ് കരുതുന്നത് എന്ന് രാഹുൽ പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവർ നടുങ്ങിയെങ്കിലും രാഹുൽ ചെറുപുഞ്ചിരിയോടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.