
വാഷിംഗ്ടൺ: ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി ബൈഡൻ ഭരണകൂടം. ഭീകരതയും മനുഷ്യത്വ രഹിതമായ ക്രൂരതയും ഈ തടവറയെ പേരുകേട്ടതാക്കിയത്. ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപിൽ കടുത്ത നിയന്ത്രണങ്ങളോടെ 2002 ൽ അമേരിക്ക സ്ഥാപിച്ച ജയിലാണ് ബൈഡൻ അടച്ചുപൂട്ടുമെന്ന് അറിയിച്ചത്. വരും നാളുകളിൽ ഇതിനായുള്ള ഉത്തരവ് ബൈഡൻ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മുൻ പ്രസിഡന്റ് ബറക് ഒബാമയും ഇതേ അറയിപ്പുമായി എത്തിയിരുന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.
ആരംഭ വർഷത്തിൽ ജി.ടി.എം.ഒ എന്നും ഗിറ്റ്മോ എന്നും വിളിക്കപ്പെടുന്ന തടവറയിൽ അൽഖാഇദ, താലിബാൻ ബന്ധമാരോപിച്ച് മാത്രം 680 പേരെയാണ് എത്തിച്ചത്. ഇവർ കൊടിയ ക്രൂരതകൾക്ക് ഇരയാക്കിയിരുന്നെന്നാണ് വിവരം. വർഷങ്ങൾ നീണ്ട ക്രൂരതകൾക്കൊടുവിൽ തടവുകാരിൽ ഭൂരിപക്ഷവും നാടുവിടുകയോ മരണപ്പെടുകയോ ചെയ്തു. എന്നിട്ടും ഇനിയും 40 പേർ അനിശ്ചിത കാല തടവിൽ തുടരുകയാണ്. 2001 സെപ്റ്റംബറിൽ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിന് പിന്തുണ നൽകിയെന്നും ആസൂത്രണത്തിൽ പങ്കാളികളായെന്നും പറഞ്ഞാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. ട്രംപ് അധികാരത്തിലിരുന്ന അവസാന വർഷങ്ങളിൽ ഗ്വാണ്ടനാമോ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായി നിറുത്തിവെച്ച നിലയിലായിരുന്നു.