
ഗോകുലം 3-1ന് ട്രാവു എഫ്.സിയെ തോൽപ്പിച്ചു
കൊൽക്കത്ത : ഐ-ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ട്രാവു എഫ്.സിയെ കീഴടക്കിയ ഗോകുലം കേരള പോയിന്റ് പട്ടികയിൽ ആറാമതേക്ക് ഉയർന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ഗോകുലം രണ്ടാം പകുതിയിലാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്.
16-ാം മിനിട്ടിൽ എമിൽബെന്നിയുടെ ഇടംകാലൻ ഗോളിലൂടെയാണ് ഗോകുലം മുന്നിലെത്തിയിരുന്നത്. വിൻസി ബാരെറ്റോയുടെ പാസിൽ നിന്നായിരുന്നു എമിലിന്റെ ഗോൾ. 67-ാം മിനിട്ടിൽ മുഹമ്മദ് അവാലിന്റെ പാസിൽനിന്ന് ഷരിഫ് മുഹമ്മദ് രണ്ടാം ഗോൾ നേടി.86-ാം മിനിട്ടിൽ സോഡിംഗ്ളിയാന റാൽതെ ഗോകുലത്തിന്റെ പട്ടിക പൂർത്തിയാക്കി. തൊട്ടടുത്ത മിനിട്ടിൽ കോമ്രോൺ തഴ്സനോവാണ് ട്രാവുവിന്റെ ആശ്വാസഗോൾ നേടിയത്.
ഈ വിജയത്തോടെ ഗോകുലത്തിന് ഏഴുമത്സരങ്ങളിൽ മൂന്ന് വിജയമടക്കം 10 പോയിന്റായി. എട്ട് കളികളിൽ രണ്ട് വിജയങ്ങളേ നേടിയിട്ടുള്ളൂ എങ്കിലും 10 പോയിന്റുള്ള ട്രാവു മൂന്നാം സ്ഥാനത്തായി. എട്ട് കളികളിൽ നിന്ന് 14 പോയിന്റുള്ള പഞ്ചാബ് എഫ്.സിയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 19-ാം തീയതി ഇന്ത്യൻ ആരോസുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.