
കൊവിഡ് വാക്സിൻ എടുത്തവർ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം പ്രവാസികൾ ഉയർത്തുന്നു . രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആദ്യഘട്ടത്തിൽ ക്വാറന്റൈൻ ഇളവനുവദിച്ചാൽ തെല്ല് ആശ്വാസമാകും. ഗൾഫിൽനിന്ന് കേരളത്തിലേക്ക് യാത്രതിരിക്കാൻ, കൊവിഡ് വാക്സിൻ എടുത്തവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായെങ്കിലും ക്വാറന്റൈൻ ഒഴിവാക്കുന്നത് പരിഗണിക്കണം.
വാക്സിൻ എടുത്ത് കേരളത്തിൽ വന്നിറങ്ങുന്ന ദിവസം ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആകുന്നവർക്കു ക്വാറന്റൈൻ ഇളവ് നൽകുന്ന കാര്യത്തിൽ അനുകൂലമായ തീരുമാനം കേരള സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വാക്സിൻ എടുത്തവരെ തിരിച്ചറിയാൻ മൊബൈൽ ആപ്പുകളിൽ സംവിധാനമുള്ളത് പ്രവാസികൾ കേരളത്തിലെത്തുമ്പോൾ എളുപ്പത്തിൽ പരിശോധനാ വിധേയമാക്കാൻ സഹായിക്കും.
ഗൾഫിൽ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് അയൽസംസ്ഥാനങ്ങൾ ക്വാറന്റൈൻ ഇളവ് പരിഗണിച്ചിട്ടുണ്ട്. ഈ രീതിയിൽ പ്രവാസി യാത്രക്കാരെ കേരളവും പരിഗണിക്കണം.
സുനിൽ തോമസ്
റാന്നി