
തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റ് സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ. യുവജന കമ്മീഷൻ ചെയർ പേഴ്സൺ എന്ന നിലയിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണമെന്നും അവരുടെ പരാതി കേട്ട് പരിഹരിക്കാൻ മുൻ കൈയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുവജനകമ്മീഷൻ ശ്രദ്ധിക്കേണ്ടത്. യുവജനങ്ങളുടെ പേരിൽ 37 ലക്ഷത്തോളം രൂപ ശമ്പളമായി സർക്കാർ ഖജനാവിൽ നിന്ന് ചിന്ത കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞുവെന്നും വീണ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരിക്കുന്ന കത്തിൽ ഓർമപ്പെടുത്തുന്നു.
അഡ്വ. വീണ എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
യുവജന കമ്മീഷൻ ചെയർ പേഴ്സൺ സഖാവ് ചിന്ത ജെറോമിന് തുറന്ന കത്ത് , 
സഖാവെ, കേരളത്തിലെ യുവജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നിൽ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റിൽ കയറിയവരാണ് അവർ. അവരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് അവർക്ക് അർഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടർന്നാണ് അവർ സമരം ചെയ്യുന്നത്. 5% പോലും നിയമനങ്ങൾ റാങ്ക് ലിസ്റ്റിൽ നിന്ന് നടക്കുന്നില്ല. താൽക്കാലിക , പിൻവാതിൽ നിയമനക്കാരെ കൂത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ. തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നീയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18,084 പേരാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതിൽ തന്നെ 11,445 പേർ മെഡിക്കൽ ബിരുദധാരികളും 52, 473 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും ആണ്. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എൽ.ഡി.എഫ് സർക്കാർ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ നിയമിച്ചത് ഞാൻ ഓർമിപ്പിക്കുന്നു. ഇതു പോലുള്ള പിൻവാതിൽ നീയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷൻ ശ്രദ്ധിക്കേണ്ടത്. യുവജനങ്ങളുടെ പേരിൽ 37 ലക്ഷത്തോളം രൂപ ശമ്പളമായി സർക്കാർ ഖജനാവിൽ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞു. സഖാവ് ആ ഓഫിസിൽ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേൾക്കണം , പരാതി പരിഹരിക്കാൻ മുൻ കൈയെടുക്കണം . ഇതൊക്കെ ചെയ്യാൻ വേണ്ടിയാണ് യുവജന കമ്മീഷൻ ചെയർ പേഴ്സൺ പോസ്റ്റ് . സ്ഥാനങ്ങൾ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.
അഡ്വ വീണ എസ് നായർ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി