
മെൽബൺ : മുൻനിര താരങ്ങളായ റാഫേൽ നദാലും ആഷ്ലി ബാർട്ടിയും ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ പ്രീ ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നദാൽ 69-ാം റാങ്കുകാരനായ ബ്രിട്ടീഷ് താരം കാമറോൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ:7-5,6-2,7-5.
ഇത് 49-ാം തവണയാണ് നദാൽ ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലെത്തുന്നത്. ഫെഡറർ(67),നൊവാക്ക് ജോക്കോവിച്ച്(53)എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ നദാലിന് മുന്നിലുള്ളത്. ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാണ് പ്രീക്വാർട്ടറിൽ നദാലിന്റെ എതിരാളി. മൂന്നാം റൗണ്ടിൽ അലക്സ് ഡി മിനായൂറിനെ കീഴടക്കിയാണ് ഫോഗ്നിനി നദാലുമായുള്ള പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
വനിതാ വിഭാഗം ടോപ് സീഡായ ആഷ്ലി ബാർട്ടി മൂന്നാം റൗണ്ടിൽ എകാതറിന അലക്സാൻഡ്രോവയെ കീഴടക്കിയാണ് പ്രീക്വാർട്ടറിലെത്തിയത്. സ്കോർ :6-4,6-2.തന്റെ ആദ്യ സർവീസ് ഗെയിമിൽ ബ്രേക്ക് ചെയ്യപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവന്ന് നേരിട്ടുള്ള സെറ്റുകൾക്ക് ബാർട്ടി വിജയം കാണുകയായിരുന്നു.
1997ൽ ആസ്ട്രേലിയൻ ഓപ്പണിന്റെ പ്രീക്വാർട്ടറിലെത്തിയിരുന്ന ആദ്യ നോർവേക്കാരൻ ക്രിസ്റ്റ്യൻ റൂഡിന്റെ മകൻ കാസ്പർ റൂഡ് ഇത്തവണ പ്രീക്വാർട്ടറിലെത്തി. നോർവേയിൽ നിന്ന് ആസ്ട്രേലിയൻ ഓപ്പണിന്റെ പ്രീക്വാർട്ടറിലെത്തിയ രണ്ടാമത്തെ ആളാണ് കാസ്പർ. മൂന്നാം റൗണ്ടിൽ 6-1,5-7,6-4,6-4 എന്ന സ്കോറിന് രാദു അൽബോട്ടിനെയാണ് കാസ്പർ കീഴടക്കിയത്.
സ്റ്റാൻസിലാസ് സിസ്റ്റിപ്പാസ്,ആന്ദ്രേ റുബലോവ്,എലിന സ്വിറ്റോളിന,ഡാനിയേൽ മെദ്‌വദേവ് എന്നിവരും പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്.
ബൊപ്പണ്ണ മിക്സഡിലും പുറത്ത്
ഇന്ത്യൻ താരം രോഹൻ ബാെപ്പണ്ണ മിക്സഡ് ഡബിൾസിലും പുറത്തായി. ബൊപ്പണ്ണ-ചൈനയുടെ യിംഗ്‌യിംഗ് ദുവാൻ സഖ്യം ആദ്യറൗണ്ടിൽ ബഥനി മാറ്റെക്ക് സാൻഡ്സ്- ജാമീ മുറെ സഖ്യത്തോട് 4-6,4-6 എന്ന സ്കോറിനാണ് തോറ്റത്. പുരുഷ ഡബിൾസിലും ബൊപ്പണ്ണയ്ക്ക് തോൽവി നേരിട്ടിരുന്നു.