
വാഷിംഗ്ടൺ: യു.എസ് ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിൽ ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചില്ലെങ്കിൽ അദ്ദേഹം വീണ്ടും ഇത് ആവർത്തിക്കുമെന്ന് ഡെമോക്രാറ്റുകൾ. പ്രതിഷേധക്കാരെക്കൊണ്ട് ക്യാപിറ്റോളിൽ അക്രമം നടത്തിയത് അമേരിക്കയുടെ സുരക്ഷയും രാജ്യാന്തര പ്രതിഛായയ്ക്കും ബാധിക്കുമെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. അതേസമയം, ട്രംപിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് നടപടികളിൽ ഡെമോക്രാറ്റുകൾ വാദം പൂർത്തിയാക്കി. കലാപകാരികളുടെ തന്നെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രോസിക്യൂട്ടർമാർ ഇംപീച്ച്‌മെന്റ് അവതരിപ്പിച്ചത്. പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, വിദേശ മാദ്ധ്യമങ്ങൾ എന്നിവരിൽനിന്നുള്ള വിവരങ്ങളും ഡമോക്രാറ്റുകൾ ഹാജരാക്കി. വെള്ളിയാഴ്ച മുതൽ ട്രംപിന്റെ സംഘം പ്രതിവാദം നടത്തും. വിചാരണ രാഷ്ട്രീയ നീക്കമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ട്രംപ് വിഭാഗം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികളെ വിസ്‌തരിക്കാനും ആവശ്യപ്പെട്ടേക്കാം.100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യ അംഗബലമുണ്ട്. ട്രംപിനെ ശിക്ഷിക്കണമെങ്കിൽ മൂന്നിൽ രണ്ട് വോട്ട് വേണം. ക്യാപ്പിറ്റോൾ അതിക്രമത്തെ എതിർത്ത് ഏതാനും ചില റിപ്പബ്ലിക്കന്മാർ രംഗത്തെത്തിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ട്രംപിനെ അനുകൂലിക്കുന്നവരാണ്. അതിനാൽ ഇംപീച്ച്‌മെന്റ് വിജയിക്കുന്നകാര്യത്തിലും വ്യക്തതയില്ല. എന്നാൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ട്രംപിന് ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനാകാത്ത തരത്തിൽ വോട്ട് ചെയ്യാനും സെനറ്റിനു കഴിയും.
ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ഡിസംബറിലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. മുമ്പു നടന്ന തെറ്റിനെതിരായ ഇംപീച്ച്‌മെന്റ് അല്ല മറിച്ച് അമേരിക്കയുടെ ഭാവിക്കു വേണ്ടിയുള്ള നടപടിയാണിതെന്നാണ് ഡെമോക്രാറ്റ് നേതാക്കൾ പറയുന്നത്. എന്നാൽ, നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നുള്ള തന്റെ അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് നടത്തിയതെന്ന് ട്രംപിന്റെ അഭിഭാഷകൻ വാദിച്ചു.
തുണയായി ദൃശ്യം
സ്പീക്കർ നാൻസി പെലോസിയെയും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ചില കലാപകാരികൾ സമ്മതിച്ചതായി ഹൗസ് മാനേജർ ഡേവിഡ് സിസില്ലിൻ പറഞ്ഞു. ജനപ്രതിനിധികളെ താഴത്തെ നിലയിൽ അടച്ച് ഗ്യാസ് തുറന്നുവിടുന്നതിനെക്കുറിച്ച് ചില കലാപകാരികൾ സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്പീക്കർ നാൻസി പെലോസിയെയും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും തേടി കലാപകാരികൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന വിഡിയോ പുറത്തുവന്നിരുന്നു. അക്രമം വിശദീകരിക്കുന്ന ഗ്രാഫിക് വിഡിയോകളും ഓഡിയോ ഫയലുകളും വാദത്തിനു ബലം പകരാൻ ഡെമോക്രാറ്റുകൾ ഉപയോഗിച്ചു.