election-commision-

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവും കൊട്ടിക്കലാശവും വേണമെന്ന് ഇന്നലെ കേന്ദ്ര ഇലക്ഷൻ കമ്മിഷനുമായി നടത്തിയ ചർച്ചയിൽ സി.പി.എം ആവശ്യപ്പെട്ടു. പരമാവധി പേർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്റർനെറ്റ് അടക്കമുള്ള സംവിധാനം വേണം. പാേസ്റ്റൽ ബാലറ്റ് 80 വയസ് കഴിഞ്ഞ എല്ലാവർക്കും കിട്ടാൻ സമയം നൽകണം.

അതേസമയം, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് തിരിമറികൾ നടക്കുന്നതായി കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചു. സി.പി.എം അംഗങ്ങളുടെ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടുകളുടെ ഇരട്ടിപ്പുണ്ട്. ജനിച്ച വീട്ടിലെയും ഇപ്പോൾ താമസിക്കുന്ന വീട്ടിലെയും മേൽവിലാസത്തിൽ വോട്ടുകളുണ്ട്. ഇത് ഒഴിവാക്കണം. കോൺഗ്രസ് വോട്ടർമാരുടെ പേരുകൾ ബി.എൽ.ഒമാർ ബോധപൂർവം നീക്കം ചെയ്യുന്നത് തടയണം.

പോളിംഗ് സമയം നീട്ടരുത്. അത് വടക്കൻ ജില്ലകളിൽ അക്രമത്തിന് ഇടയാക്കും. ക്രമക്കേടിന് സാദ്ധ്യതയുള്ളതിനാൽ സ്പെഷ്യൽ വോട്ട് നിരീക്ഷിക്കണം. വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുന്ന ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷ നൽകണം. വോട്ടർപട്ടിക നേരത്തെ നൽകണം.

കേന്ദ്രസേനയ്ക്കായി ബി.ജെ.പി

പ്രശ്നബാധിത സ്ഥലത്ത് രണ്ടാഴ്ച മുമ്പ് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പൊലീസ് സേനയെ വിന്യസിക്കുന്ന കാര്യത്തിൽ ജനറൽ നിരീക്ഷകർക്കും പൊലീസ് നിരീക്ഷകർക്കും പങ്കാളിത്തം വേണം. ബൂത്തുകളുടെ 200 മീറ്ററിനുള്ളിൽ സേനകളെ വിന്യസിക്കണം. വോട്ടർ പട്ടികയിൽ ബാർ കോഡ് ഏർപ്പെടുത്തണം.കള്ളവോട്ട് തടയാൻ നിഷ്പക്ഷമതികളെ വയ്ക്കണം. ഇതിനായി വെബ്കാസ്റ്റിംഗ് നടത്തണം. പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടത്താതിരിക്കാൻ പാർട്ടി ഗ്രാമങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം. പ്രവാസികൾക്ക് വോട്ടവകാശം വേണം.

 സി.പി.ഐ

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് സി.പി.എെയെ പ്രതിനിധീകരിച്ച അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ്ബാബുവും സത്യൻമൊകേരിയും ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടർമാരുടെ ലിസ്റ്റ് പാർട്ടികൾക്ക് നൽകണം. ആക്സിലറി ബൂത്തുകൾ തീരുമാനിക്കുന്നതിന് മുമ്പ് കളക്ടർമാർ യോഗം വിളിക്കണം.