cubs

വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച രോഗികളിൽ കാണിക്കുന്ന ലക്ഷണങ്ങൾക്ക് വൈറ്റമിൻ സി,​ സിങ്ക് തുടങ്ങിയ മരുന്നുകൾ നൽകുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം. ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്താലാണ് വിഷയം അറിയിച്ചത്. വൈറസ് ബാധിച്ച 214 പേരിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ കാര്യമായ വ്യത്യാസമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് രോഗികൾ സ്വീകരിക്കുന്ന സിങ്ക് ഗ്ലൂക്കോണേറ്റ്,​ അസ്കോർബിക് ആസിഡ് എന്നിവ സാധാരണയായി ലഭ്യമാണ്. പോളിമോർഫോൺ ന്യൂക്ലിയർ സെല്ലുകളുടെ അണുബാധയ്ക്കെതിരെയുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനാണ് സിങ്ക് ഉപയോഗിക്കുന്നത്. വൈറ്റമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് ഒരു ആന്റിഓക്സിഡന്റാണ്. ഇത് രോഗപ്രതിരോധത്തിനുമാണ് ഉപയോഗിക്കുന്നത്. ഉയർന്ന അളവിലുള്ള അസ്കോർബിക് ആസിഡും സിങ്ക് ഗ്ലൂക്കോണേറ്രും ജലദോഷത്തിന്റെ ലക്ഷണങ്ങളുടെ കാലാവധി കുറയ്ക്കുകയും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യും. എന്നാൽ കൊവിഡ് രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സിങ്ക് ഗ്ലൂക്കേണേറ്റ്,​ അസ്കോർബിക് ആസിഡ് എന്നിവയ്ക്ക് കഴിയുന്നില്ലെന്നാണ് പഠനം.

എന്നാൽ,​ കൊവിഡ് വ്യാപനത്തെക്കുറിച്ച് ബ്രിട്ടണിൽ നിന്ന് പുറത്തുവരുന്ന വാർത്ത് ലോകത്തിന് ഉണർവേകുന്നതാണ്. കർശനമായ ലോക്ക് ഡൗണും വാക്സിനേഷനും, ബ്രിട്ടണിൽ കൊവിഡ് വൈറസ് വ്യാപനം ശാന്തമാകുന്നതായി റിപ്പോർട്ട്. ഇതോടെ നാലാഴ്ചയ്ക്കുള്ളിൽ ആദ്യമായി പ്രതിദിന മരണനിരക്ക് ആയിരത്തിൽ താഴെയായി. സ്കോട്ട്ലൻഡിൽ 150ൽ ഒരാൾക്കും വെയിൽസിൽ 85ൽ ഒരാൾക്കും നോർത്തേൺ അയർലൻഡിൽ 75ൽ ഒരാൾക്കും എന്ന നിരക്കിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി ആളുകൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിച്ചതും വിദേശ യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതും സ്കൂളുകൾ അടച്ചതും വാക്സിനേഷൻ ഊർജിതമാക്കിയതുമാണ് കൊവിഡിനെ വരുതിയിലാക്കാൻ സഹായിച്ചത്.

നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് ഫെബ്രുവരി 22 നാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുന്നത്. സ്ഥിതിഗതികൾ നിലവിലെ രീതിയിൽ പുരോഗമിച്ചാൽ മാർച്ച് ആദ്യവാരത്തോടെ സ്കൂളുകൾ തുറക്കുന്നതും മറ്റും സർക്കാർ പരിഗണിച്ചേക്കും.

പാക് മൃഗശാലയിലെ രണ്ട് കുടവ കുട്ടികൾ ചത്തത് കൊവിഡ് ബാധിച്ചെന്ന്

ലാഹോർ: പാകിസ്ഥാനിലെ ലാഹോർ മൃഗശാലയിൽ പതിനൊന്ന് ആഴ്ച മാത്രം പ്രായമുള്ള രണ്ട് വെള്ള കടുവ കുട്ടികൾ ചത്തത് കൊവിഡ് ബാധിച്ചെന്ന് നിഗമനം. പാകിസ്ഥാൻ കടുവകളിൽ സാധാരണയായി കണ്ടുവരുന്ന വൈറസാണ് കടുവകൾക്ക് ബാധിച്ചതെന്നായിരുന്നു മൃഗശാല അധികൃതർ ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണകാരണം കൊവിഡ് മൂലമാണെന്ന് വ്യക്തമായത്.

കഴിഞ്ഞ മാസം ജനുവരി 30നാണ് ലാഹോർ മൃഗശാലയിൽ കടുവ കുട്ടികളും ചത്തത്. കടുവകൾക്ക് കടുത്ത അണുബാധയുണ്ടായി,​ ഇത് ശ്വാസകോശത്തെ സാരമായി ബാധിച്ചു..​ ആരോഗ്യസ്ഥിതി മോശമാവുകയും മരണകാരണം കൊവിഡ്-19 വൈറസാണെന്നുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കടുവകൾ ചത്തതിന് പിന്നാലെ മൃഗശാല ജീവനക്കാരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ കടുവകളെ പരിപാലിക്കുന്ന ജീവനക്കാരൻ ഉൾപ്പടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നതാണ് പരിശോധന ഫലമെന്നും ജീവനക്കാരിൽ നിന്നായിരിക്കാം കടുവകൾക്ക് രോഗം ബാധിച്ചതെന്നും മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ കിരൺ സലീം പറഞ്ഞു.