
താനും ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. തടി കുറഞ്ഞതിന് ശേഷമുള്ള തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായിക ഇക്കാര്യം പറഞ്ഞത്. തടി കൂടുന്നത് മോശം കാര്യമാണ് എന്നല്ല താൻ ഈ പോസ്റ്റിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ശരീരമല്ല മനസാണ് പ്രധാനമെന്നാണ് ഗായിക പറയുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും, വ്യായാമത്തിന്റെ കാര്യത്തിലായാലും നമുക്ക് ചുറ്റുമുള്ള ആളുകളുടെ കാര്യത്തിലായാലും ആരോഗ്യപ്രദമായ ജീവിതരീതിയാണ് എപ്പോഴും വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതെന്നും ജ്യോത്സ്ന പറയുന്നു. ഗായികയുടെ പോസ്റ്റിനു കീഴിലായി സിതാര കൃഷ്ണകുമാർ, അശ്വതി ശ്രീകാന്ത്, കവിത നായർ തുടങ്ങിയ നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
കുറിപ്പ് ചുവടെ:
'ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാൻ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമാണ് നിങ്ങൾക്ക് മൂല്യം നൽകുന്നതെന്നും എടുത്തുകാണിക്കാനല്ല. ജീവിതത്തിൽ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളിൽ ഒന്നാണത്.
ഇവിടെ നിങ്ങൾ കാണുന്നതെന്തും എന്നെത്തന്നെ നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പ്. ശാരീരികമായും വൈകാരികമായും ആത്മീയമായും..അതിന്റെ ഫലമായി ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാൻ തീരുമാനിച്ചു. എന്താണ് എനിക്ക് ഫലമുണ്ടാക്കുക എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു.
ഈ യാത്രയിൽ, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദർശനൻ, വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം പുലർച്ചെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച വ്യക്തി. അതുപോലെ മിസ്റ്റർ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധൻ. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങൾ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.
ഞാനിപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ, ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്. അമിതമായ തീറ്റിയും കുടിയും എന്നെ ഇപ്പോഴും ആക്രമിക്കാറുണ്ട്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉൾകൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോകുന്തോറും ഞാൻ പഠിക്കുകയാണ്.
എന്നോടും എന്നെ പോലെയുള്ളവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒന്ന് മാത്രമാണ് ആരോഗ്യത്തോടെയിരിക്കുക എന്നത്. നിങ്ങളുടെ ശരീരം മാത്രമല്ല, ഏറ്റവും പ്രധാനമായി മനസും ആരോഗ്യത്തോടെ ഇരിക്കണം. വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകൾ, നിങ്ങളുടെ ചിന്തകൾ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങൾ സമാനതകളില്ലാത്ത വ്യക്തിയാണ്. നിങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ട്. അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്.'