
മോസ്‌കോ: റഷ്യയിലെ കുപ്രസിദ്ധ സീരിയൽ കില്ലർ എഡ്വേർഡ് സെലൻസേവിക്ക് (51) ജീവപര്യന്തം കഠിന തടവ്. സുഹൃത്തുക്കളായ മൂന്ന് പേരെ മദ്യം നൽകി കൊലപ്പെടുത്തിയതിന് ശേഷം ഇവരുടെ മാംസം പാകം ചെയ്ത് കഴിച്ച കേസിലാണ് എഡ്വേർഡിനെ ജീവപര്യന്തം തടവിന് വിധിച്ചത്. കേസ് പരിഗണിച്ച കീഴ്‌ക്കോടതിയാണ് ആദ്യം ഇയാളെ ജീവപര്യന്തം തടവിന് വിധിച്ചത്. എഡ്വേർഡിന്റെ അഭിഭാഷകൻ റഷ്യയിലെ ഉന്നത കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിവിധി മേൽക്കോടതിയും ശരിവെയ്ക്കുകയായിരുന്നു.
റഷ്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എഡ്വേർഡിന്റെ കൊലപാതക രീതി. നോർത്ത്‌വെസ്റ്റ് റഷ്യയിലെ അർഖാൻഗെൽസ്‌ക് സ്വദേശിയായ എഡ്വേർഡ് 2016 മാർച്ചിനും 2017 മാർച്ചിനും ഇടയ്ക്ക് സുഹൃത്തുക്കളെ കൊന്ന് തിന്നുകയായിരുന്നു. വിചാരണ വേളയിൽ മൂന്ന് പേരേയും കൊന്നതിന് ശേഷം അവരുടെ മാംസം പാകം ചെയ്തു കഴിച്ചു എന്ന് എഡ്വേർഡ് കോടതിയിൽ സമ്മതിച്ചിരുന്നു.
59,43,34 എന്നിങ്ങനെ പ്രായമുള്ള പുരുഷന്മാരാണ് എഡ്വേർഡിന്റെ ഇരകളായത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടത്തിയതിന് ശേഷം ഇവരുടെ ശരീരത്തിൽ നിന്നും കഴിക്കാൻ വേണ്ട ഭാഗങ്ങൾ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബാക്കി ശരീര ഭാഗങ്ങൾ അടുത്തുള്ള കായലിൽ ഉപേക്ഷിച്ചു. ഇതിൽ ഒരാളുടെ മാതാപിതാക്കളോട് സുഹൃത്ത് അടുത്ത നഗരത്തിൽ ജോലിക്ക് പോയെന്നായിരുന്നു എഡ്വേർഡ് പറഞ്ഞിരുന്നത്. ഇയാളെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷിച്ചെത്തിയ പൊലീസിനോടും എഡ്വേർഡ് ഇതേ കഥ തന്നെ ആവർത്തിച്ചു.
ആദ്യ കൊലപാതകത്തിൽ മാത്രമാണ് കാണാതായെന്ന പരാതിയിൽ അന്വേഷണമുണ്ടായത്. അന്വേഷിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത രണ്ടുപേരെയാണ് എഡ്വേർഡ് പിന്നീട് കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തിയപ്പോൾ സമാനമായ രീതിയിൽ ശരീരത്തിലെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റിയതായി പൊലീസ് ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. തന്റെ താമസസ്ഥലത്തു കൊണ്ടുവന്ന് മദ്യം നൽകിയാണ് എഡ്വേർഡ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്.
നരഭോജനത്തെ കുറിച്ച് നിയമത്തിൽ വ്യക്തതയില്ലാത്തതിനാൽ കൊലപാതകത്തിനും ഇരകളുടെ മൃതദേഹം ദുരുപയോഗം ചെയ്തതിനുമാണ് എഡ്വേർഡ് വിചാരണ നേരിട്ടത്. വിചാരണ കാലയളവിൽ ഇയാളെ മനശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. ചെയ്യുന്ന ക്രൂരതയുടെ വ്യാപ്തി അറിഞ്ഞു തന്നെയാണ് മൂന്ന് കൊലപാതകങ്ങളും എഡ്വേർഡ് നടത്തിയതെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. എന്നാൽ തന്റെ തലയ്ക്കകത്തു നിന്നും കേട്ട ശബ്ദമാണ് തന്നോട് ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതെന്നായിരുന്നു എഡ്വേർഡിന്റെ വാദം.
തെളിവുകൾ പരിശോധിച്ച് വാദം പൂർത്തിയാക്കിയതിന് ശേഷമാണ് റഷ്യൻ സുപ്രീംകോടതി എഡ്വേർഡിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോളില്ലാത്ത ശിക്ഷാകാലയളവാണ് പ്രതിക്ക് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മനുഷ്യരെ കൂടാതെ, പൂച്ചകളേയും പട്ടികളേയും പക്ഷികളെയും റോഡിൽ കാണുന്ന ചെറിയ ജീവികളേയും ഇത്തരത്തിൽ ഇയാൾ കൊന്ന് തിന്നിട്ടുണ്ട്. 'അർഖാൻഗെൽസ്‌ക് നരഭോജി' (Arkhangelsk Cannibal) എന്നാണ് എഡ്വേർഡ് റഷ്യയിൽ അറിയപ്പെടുന്നത്.