uk-gdp

ലണ്ടൻ: ബ്രിട്ടീഷ് ജി.ഡി.പി വളർച്ച കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020ൽ എക്കാലത്തെയും താഴ്‌ചയായ നെഗറ്റീവ് 9.9 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 300 വർഷത്തെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിൽ ഇത്ര വലിയ ഇടിവ് ആദ്യം. അതേസമയം, രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് വീണില്ലെന്ന സൂചന നൽകി ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ജി.ഡി.പി പോസിറ്റീവ് ഒരു ശതമാനം വളർച്ച കുറിച്ചത് ആശ്വാസമായി.

തുടർച്ചയായ രണ്ടുപാദങ്ങളിൽ നെഗറ്റീവ് വളർച്ച കുറിക്കുമ്പോഴാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ടുവെന്ന് സാങ്കേതികമായി പറയുന്നത്. അവസാനപാദമായ ഒക്‌ടോബർ-ഡിസംബറിൽ വളർച്ച പോസിറ്റീവായതോടെ, മാന്ദ്യഭീതിയിൽ നിന്ന് ബ്രിട്ടൻ രക്ഷപ്പെട്ടു. നവംബറിൽ വളർച്ച നെഗറ്റീവ് 2.3 ശതമാനമായിരുന്നെങ്കിലും ഡിസംബറിൽ അത് പോസിറ്റീവ് 1.2 ശതമാനമായി മെച്ചപ്പെട്ടതാണ് ആശ്വാസമായത്. നവംബറിലെ നെഗറ്റീവ് വളർച്ചയ്ക്ക് വഴിതെളിച്ചത് ഭാഗിക ലോക്ക്ഡൗൺ നടപ്പാക്കലാണ്.

അതേസമയം, 2021ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ വളർച്ച നെഗറ്റീവ് നാലു ശതമാനത്തിലേക്ക് വീണ്ടും കൂപ്പുകുത്തുമെന്ന് കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് വിലയിരുത്തുന്നു. വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ബ്രെക്‌സിറ്റ് പ്രതിസന്ധിയുമാണ് തിരിച്ചടിയാവുക.