
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ പാർലമെന്റ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിനടുത്ത് നടന്ന കാർബോംബ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടന വസ്തു നിറച്ചതെന്ന് കരുതുന്ന വാഹനം സുരക്ഷാ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയിരുന്നതായി സുരക്ഷാ ഉദ്ധ്യോഗസ്ഥർ പറയുന്നു. ഇവിടെനിന്നും തൊട്ടടുത്ത സെയ്ദ്കയിലാണ് സ്ഫോടനം നടന്നതെന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥൻ അബ്ദുറഹ്മാൻ മുഹമ്മദ് അറിയിച്ചു.
അക്രമികൾ പൊലീസ് വാഹനത്തിന് നേരെ വെടി ഉതിർക്കുകയും പൊലീസ് ഇവരെ പിൻതുടരുകയും ചെയ്തിരുന്നു. വെടിവയ്പ്പിന്റെ ശബ്ദം കേട്ടതിനാൽ പ്രദേശത്തുനിന്നും ജനങ്ങൾ ഓടിമാറി. അതിനാൽ സ്ഫോടനം നടന്നപ്പോൾ പ്രദേശത്ത് ആൾക്കൂട്ടം ഇല്ലായിരുന്നെന്നും ഇത് അപകടത്തിന്റെ തോത് കുറച്ചെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും മൊഗാദിശുവിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ- ഷബാബ് ഗ്രൂപ്പാണെന്നും അന്തദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.