
കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ സഫാരിയുടെ പുത്തൻ പതിപ്പിന്റെ ബുക്കിംഗ് തുടങ്ങി. ടാറ്റായുടെ വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പിലോ 30,000 രൂപ നൽകി ബുക്ക് ചെയ്യാം. ഫെബ്രുവരി 22നാണ് ലോഞ്ചിംഗ്. അന്ന് തന്നെ വില പുറത്തുവിടും; വില്പനയും ആരംഭിക്കും. പുത്തൻ പതിപ്പിന്റെ പ്രദർശനവും ടെസ്‌റ്റ് ഡ്രൈവും ഡീലർഷിപ്പുകളിൽ തുടങ്ങിയിട്ടുണ്ട്.
മുൻഗാമിയുടെ തനത് മികവുകൾ നിലനിറുത്തിക്കൊണ്ടും പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയുമാണ് സഫാരിയുടെ പുതിയ അവതാരത്തെ ടാറ്റ സൃഷ്‌ടിച്ചിട്ടുള്ളത്. പുത്തൻ ഗ്രിൽ, സ്‌റ്റെപ്പ്ഡ് റൂഫ്, ആകർഷകമായ ടെയ്ൽ ലൈറ്റുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ സഫാരിക്ക് അൽട്ര പ്രീമിയം ടച്ച് നൽകുന്നു.
ക്ളാസിക് ഇന്റീരിയറിൽ മൂന്നു നിര സീറ്റുകൾ, പനോരമിക് സൺറൂഫ്, ക്യാപ്‌റ്റൻ സീറ്റുകൾ, ആഷ്‌വുഡ് ഡാഷ്‌ബോർഡ്, 8.8 ഇഞ്ച് ഫ്ളോട്ടിംഗ് ഐലൻഡ് ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവ കാണാം. 170 പി.എസ് കരുത്തുള്ളതാണ് ഡീസൽ എൻജിൻ. ഓട്ടോ/മാനുവൽ ട്രാൻസ്‌മിഷനും നൽകിയിരിക്കുന്നു.