
ബീജിംഗ്: കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ സംഘത്തിന് രോഗത്തിന്റെ പ്രാഥമിക വിവരങ്ങൾ നൽകാൻ ചൈന വിസമ്മതം പ്രകടിപ്പിച്ചു.
കൊവിഡ് എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങളെ ഇത് ബാധിക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്ധ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിന്റെ സാനിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങൾ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവയുടെ സംഗ്രഹം മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ടീമിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ദനായ ഡൊമിനിക് ഡ്വെയർ പറഞ്ഞു.
എന്തുകൊണ്ടാണ് വിവരം ലഭിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ കാരണം രാഷ്ട്രീയമാണോ അതോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാണോ എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരിയിൽ ചൈനയിലെത്തിയ സംഘം കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങൾക്കായി നാല് ആഴ്ച ചൈനയിൽ ചെലവഴിച്ചിരുന്നു. കൊവിഡിന്റെ തുടക്കം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെയ്ക്കുന്നതായും ആരോപണമുണ്ടായിരുന്നു.