
ലാഹോർ: പാകിസ്ഥാനിലെ ലാഹോർ മൃഗശാലയിൽ രണ്ട് വെളളക്കടുവക്കുട്ടികൾ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. 11 ആഴ്ച പ്രായമുള്ള കടുവക്കുട്ടികളാണ് കഴിഞ്ഞ മാസം 30ന് ചത്തത്. കടുവകൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്തി. ഇതിൽ കടുവകളുടെ ശരീരം മറവുചെയ്ത ജീവനക്കാരന് ഉൾപ്പടെ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചു.
സാധാരണ പാകിസ്ഥാനിലെ മൃഗങ്ങളിൽ കാണാറുളള അണുബാധയെന്നായിരുന്നു മൃഗശാല അധികൃതരുടെ നിഗമനം. പിന്നീട് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്കാണ് മരണത്തിന് കാരണം കൊവിഡാണോ എന്ന സംശയം പ്രകടിപ്പിച്ചത്. അണുബാധ കാരണം ശ്വാസകോശത്തിന് കാര്യമായ തകരാർ സംഭവിച്ചതായ് കണ്ടെത്തിയിരുന്നു.
പി.സി.ആർ. പരിശോധന നടത്തിയിട്ടില്ലെങ്കിലും കൊവിഡ് ബാധയുടെ ഇരകളാണ് കടുവക്കുട്ടികളെന്ന് മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ കിരൺ സലീം പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കടുവക്കുട്ടികളെ പരിപാലിച്ചിരുന്ന ഒരാൾ ഉൾപ്പെടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചത് കടുവക്കുട്ടികൾക്ക് കൊവിഡ് ആണെന്ന കണ്ടെത്തലിനെ ശക്തിപ്പെടുത്തുന്നതായും പരിപാലിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വ്യക്തിയിൽ നിന്നാകാം അവക്ക് രോഗം ബാധിച്ചതെന്നും സലീം കൂട്ടിച്ചേർത്തു.
വെളളക്കടുവകൾക്ക് കൊവിഡ് വരാൻ കാരണം പാകിസ്ഥാനിലെ മൃഗശാലകളുടെ മോശം സാഹചര്യമാണെന്ന് മൃഗസ്‌നേഹികൾ ആരോപിച്ചു. ലാഹോർ മൃഗശാലയെക്കുറിച്ച് മുമ്പും ധാരാളം പരാതികൾ വന്നിരുന്നെന്ന് മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ ജസ്റ്റിസ് ഫോർ കികി സ്ഥാപകൻ സുഫിഷാൻ അനുഷായ് പറഞ്ഞു. വംശനാശം നേരിടുന്ന വെളളക്കടുവകളെ സൂക്ഷ്മമായി പരിപാലിക്കേണ്ടവയാണ്. എന്നാൽ അത്രയധികം മോശം സാഹചര്യത്തിലാണ് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം മൃഗസ്‌നേഹികളുടെ ആരോപണങ്ങളെല്ലാം മൃഗശാല അധികൃതർ തളളി.