
കൊച്ചി: റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂറർ ബൈക്കായ ഹിമാലയന്റെ പുത്തൻ പതിപ്പ് വിപണിയിലെത്തി. 1.97 ലക്ഷം രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില. എൻഫീൽഡിന്റെ അടുത്തിടെ വിപണിയിലെത്തിയ 350 മീറ്റീയറിൽ അരങ്ങേറിയ ട്രിപ്പർ നാവിഗേഷൻ പോഡ് ആണ് പുത്തൻ ഹിമാലയന്റെ ശ്രദ്ധേയമായ പുതുമ. ഗൂഗിൾ മാപ്പിന്റെ പിന്തുണയുള്ള ഈ നാവിഗേഷൻ ടേൺ-ബൈ-ടേൺ വിവരങ്ങൾ നൽകാൻ മിടുക്കനാണ്.
മൂന്ന് ആകർഷക നിറഭേദങ്ങളാണ് 2021 ഹിമാലയൻ എഡിഷനുള്ളത് - പൈൻ ഗ്രീൻ, മിറാഷ് സിൽവർ, ഗ്രാനൈറ്റ് ബ്ളാക്ക്. പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ളാക്ക് വേരിയന്റുകൾക്ക് വില ഒരല്പം കൂടുതലാണ്. ഉപഭോക്താക്കളുടെ താത്പര്യാർത്ഥം ടാങ്ക് ഗാർഡിൽ മാറ്റം കാണാം. വൃത്താകൃതിയിലെ ഹെഡ്‌ലൈറ്റിന് വലുപ്പം അല്പം കുറഞ്ഞിരിക്കുന്നു. സീറ്റുകൾ, ദീർഘയാത്രകൾക്ക് ഇണങ്ങുംവിധം കൂടുതൽ കംഫർട്ടബിൾ ആക്കിയിട്ടുമുണ്ട്.
ബി.എസ് ചട്ടം പാലിക്കുന്ന, 411 സി.സി ലോംഗ് സ്‌ട്രോക്ക് എൻജിൻ നിലനിറുത്തിയിരിക്കുന്നു. 6,500 ആർ.പി.എമ്മിൽ 24.3 ബി.എച്ച്.പിയാണ് കരുത്ത്. ടോർക്ക് 4,000-4,500 ആർ.പി.എമ്മിൽ 32 എൻ.എം. പേരിലെ ഹിമാലയനോട് 100 ശതമാനം കൂറുപുലർത്തും വിധം സാഹസിക റൈഡുകൾക്ക് ഏറെ ഇണങ്ങുന്നതാണ് എൻജിൻ. 5-സ്‌പീഡ് ഗിയർ ബോക്‌സാണുള്ളത്. സസ്‌പെൻഷനും ബ്രേക്കിംഗ് സംവിധാനവും മുൻഗാമിയിലേതു തന്നെ. ഡ്യുവൽ-ചാനൽ എ.ബി.എസും നിലനിറുത്തിയിരിക്കുന്നു; റിയൽ വീലിൽ നിന്ന് എ.ബി.എസ് ഡിസ്‌കണക്‌ഷൻ ഓപ്‌ഷനും കാണാം. മുന്നിൽ 21-ഇഞ്ച് സ്‌പോക്കും പിന്നിൽ 17-ഇഞ്ച് സ്‌പോക്കുമാണ് വീലുകൾ. കെ.ടി.എം 250 അഡ്വഞ്ചർ, ബി.എം.ഡബ്ള്യു ജി 310 ജി.എസ് എന്നിവയാണ് വിപണിയിലെ എതിരാളികൾ.