mani-c-kappan

കോട്ടയം: എൻ സി പി കേന്ദ്ര നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണെന്ന് മാണി സി കാപ്പൻ. ഇക്കാര്യം ഇന്നലെ രാത്രി നേതാക്കൾ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവർ എൻ സി പിയിൽ തന്നെയുണ്ടെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.


എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്നും, തന്റെ കൂടെയുള്ളവർ പാർട്ടി സ്ഥാനങ്ങൾ ഇന്ന് രാജിവയ്ക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. സർക്കാർ നൽകിയ കോർപറേഷൻ, ബോർഡ് സ്ഥാനങ്ങൾ രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


'പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കും. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും. പാർട്ടി പ്രഖ്യാപിച്ച് യു ഡി എഫ് ഘടകകക്ഷിയായി മുന്നണിയിൽ ചേരും. ചതി ആരുടെ ഭാഗത്തുനിന്നുണ്ടായെന്ന് ജനങ്ങൾക്കറിയാം.'- കാപ്പൻ പറഞ്ഞു. മൂന്നുസീറ്റുകളാണ് യു ഡി എഫിനോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പന്റെ കൂടെയുള്ളവർ നാളെ പാലായിൽ യോഗം ചേരും.


അതേസമയം മന്ത്രി എം എം മണി വാ പോയ കോടാലിയാണെന്നും, അദ്ദേഹത്തിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. കാപ്പൻ മുന്നണിവിട്ട് പോയാൽ എൽ ഡി എഫിന് ഒന്നും സംഭവിക്കില്ലെന്നും, പാലായിൽ ജയിച്ചത് സി പി എമ്മിന്റെ സഹായത്തിലാണെന്നുമായിരുന്നു എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്.