baby-girl

ചെന്നൈ: കുരങ്ങന്മാർ എടുത്തുകൊണ്ടുപോയ എട്ട് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂർ നഗരത്തിൽ ഇന്നലെയാണ് സംഭവം. വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് നീക്കിയാണ് കുരങ്ങന്മാർ തന്റെ കുഞ്ഞിനെ കൊണ്ടുപോയതെന്ന് അമ്മ ഭുവനേശ്വരി പറഞ്ഞു.

വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കുരങ്ങന്മാർ കൈക്കലാക്കുകയായിരുന്നു. ഭുവനേശ്വരിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ അയൽവാസികൾ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റേ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കുറച്ചുസമയത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സമീപത്തെ ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മെഡിക്കൽ സംഘം കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.