accident2

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ മദർപുർ ഗ്രാമത്തിലെ ദേശീയപാതയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പടെ 14പേർ മരിച്ചു. നാലുകുട്ടികൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിതറിപ്പോയി. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഇന്നുപുലർച്ചെയായിരുന്നു അപകടം. ചിറ്റൂർ ജില്ലയിൽ നിന്നുളളവരാണ് അപകടത്തിൽപ്പെട്ടവർ എന്നാണ് പ്രാഥമിക വിവരം. ആധാർ കാർഡുകളുടെയും ഫോൺനമ്പരുകളുടെയും സഹായത്തോടെ ഇവരെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്. അജ്മീറിലേക്ക് പോവുകയായിരുന്നു ബസ് എന്നാണ് പൊലീസ് പറയുന്നത്.

accident

പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതോ ബസിന്റെ ടയർ പൊട്ടിയതോ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.