
കൊച്ചി: കേരളത്തിന്റെയും ഇന്ത്യയുടെയും വികസനക്കുതിപ്പിന് പുത്തനുണർവേകുന്ന വൻകിട പദ്ധതികൾ നാടിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തുന്നു. എറണാകുളം അമ്പലമുഗളിൽ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആർ.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിംഗ്‌ടൺ ഐലൻഡിൽ തുറമുഖ ട്രസ്‌റ്റ് നിർമ്മിച്ച 'സാഗരിക" അന്താരാഷ്‌ട്ര ക്രൂസ് ടെർമിനൽ എന്നിവയുടെ കമ്മിഷനിംഗാണ് മോദി നിർവഹിക്കുക.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, തുറമുഖ സഹമന്ത്രി മൻസുഖ് എൽ. മാണ്ഡവ്യ തുടങ്ങിയവർ പങ്കെടുക്കും. 6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രൊജക്‌ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകൾ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എൽ. നിലവിൽ, നിഷ് പെട്രോകെമിക്കലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
വർഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്‌സോ ആൽക്കഹോൾസ് എന്നിവയാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. ഐ.ആർ.ഇ.പി 2019 ജനുവരിയിൽ പ്രധാനമന്ത്രി മോദി നാടിന് സമർപ്പിച്ചിരുന്നു. റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആർ.ഇ.പിയുടെ നിർമ്മാണഘട്ടത്തിൽ 20,000 പേർക്ക് പരോക്ഷമായി തൊഴിൽ ലഭിച്ചു. ഐ.ആർ.ഇ.പിയിൽ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്കൃത വസ്തുവായ പ്രൊപ്പീലിൻ ലഭ്യമാക്കുന്നത്.
കൊച്ചി തുറമുഖ ട്രസ്‌റ്റ് എറണാകുളം വാർഫിൽ പൂർത്തിയാക്കിയ പുതിയ അന്താരാഷ്‌ട്ര ക്രൂസ് ടെർമിനലിന്റെ നിർമ്മാണച്ചെലവ് 25.72 കോടി രൂപയാണ്. നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്റർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം. 12,500 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെർമിനസിൽ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്‌റ്റംസ് ക്ളിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും. കസ്‌റ്റംസ് ക്ളിയറിംഗും ഒരു കുടക്കീഴിൽ തന്നെ പൂർത്തിയാക്കാം.
''കേരളം ഏറ്റവും കൂടുതൽ പെയിന്റ് ഉപയോഗിക്കുന്ന സംസ്ഥാനമാണ്. കെട്ടിട നിർമ്മാണ രംഗത്തും മറ്റും പ്രാദേശികമായി ആവശ്യമുള്ള വസ്തുക്കളാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നേട്ടത്തിനും തൊഴിൽ വർദ്ധനയ്ക്കും പദ്ധതി സഹായകമാകും"
ധർമ്മേന്ദ്ര പ്രധാൻ,
കേന്ദ്ര പെട്രോളിയം മന്ത്രി