murder-case

ലുധിയാന: ഭാര്യയേയും മകളെയും അറുപതുകാരൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്യാര സിംഗ് എന്നയാളാണ് ഭാര്യ സ്വരഞ്ജിത് കൗറിനെയും മകൾ രാജ്ദീപ് കൗറിനെയും കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇയാളെ ആരും കണ്ടിട്ടില്ല.

ഫാക്ടറി ജീവനക്കാരനായ പ്യാര സിംഗ് വെള്ളിയാഴ്ചയാണ് ഭാര്യയേയും മകളെയും കൊലപ്പെടുത്തിയത്. ശേഷം അനന്തരവനെ ഫോണിൽ വിളിച്ച് കൊലപാതക വിവരവും, താൻ കനാലിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് അനന്തരവൻ പൊലീസിൽ വിവരം അറിയിച്ചു.

വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ ദോര്‍ഹയ്ക്ക് സമീപം സിർഹിനംഗ് കനാലിന് സമീപത്ത് നിന്നും പ്യാര സിംഗിൻറെ മോട്ടോർ സൈക്കിൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകങ്ങൾ നടത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

രാജ്ദീപിന്റെ വിവാഹം ഈ മാസം 21ന് നടക്കാനിരിക്കെയാണ് അരുംകൊല. വിവാഹചടങ്ങിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. കൃത്യം നടക്കുമ്പോൾ ഇവർ മൂന്ന് പേരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.