disha-ravi

ബം​ഗളൂരു: ​ഗ്രെറ്റ ടൂൾകിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തകയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 21കാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. ആഗോള പരിസ്ഥിതി പ്രവർത്തകയായ ​ഗ്രെറ്റ തുൻബെർഗയുടെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ ഭാ​ഗമായാണ് ദിഷയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിന് സമീപം സോലദേവനഹള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ ഡൽഹിയിലേക്ക് കൊണ്ടുപോയി. 2018 ൽ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോർ ഫ്യുച്ചർ (എഫ്.എഫ്.എഫ് ) എന്ന സംഘടനയുടെ സഹ സ്ഥാപകകൂടിയാണ് ദിഷ.

റിപബ്ളിക്ക് ദിനത്തിൽ നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ​ഗ്രെറ്റ ഒരു ടൂൾകിറ്റ് ട്വീറ്റ് ചെയ്തിരുന്നു. കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു.ട്വീറ്റ് വിവാദമാവുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഗ്രെറ്റ ട്വീറ്റ് പിൻവലിക്കുകയും പുതിയത് ഇടുകയും ചെയ്തിരുന്നു.

ഗ്രെറ്റയുടെ ടൂൾകിറ്റിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂല സംഘടനയാണെന്നാണ് പൊലീസും കേന്ദ്രസർക്കാരും പറയുന്നത്. ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ അപമാനിക്കാനുളള ശ്രമം ഇതിന് പിന്നിലുണ്ടെന്നും കേന്ദ്രസർക്കാർ ആക്ഷേപമുന്നറിയിച്ചിരുന്നു. ഗ്രെറ്റയ്ക്കൊപ്പം മുൻ നീലച്ചിത്രനായിക മിയാഖലീഫ ഉൾപ്പടെയുളളവരും കർഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യക്കെതിരെയും കേന്ദ്രത്തിനെതിരെയും വിമർശനവുമായി എത്തിയ വിദേശികൾക്കെതിരെ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുളളവർ രംഗത്തെത്തിയിരുന്നു.