
തിരുവനന്തപുരം: തന്റെ പരിപാടിയിൽ കറുത്തമാസ്കിന് വിലക്കേർപ്പെടുത്തിയെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. കറുത്ത മാസ്ക് ധരിച്ചെത്തിയ വിദ്യാർത്ഥിയോടെ ക്ഷുഭിതനായെന്നുളള വാർത്തയും അദ്ദേഹം നിഷേധിച്ചു.അങ്ങനെ ഒരു നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വെള്ളിമാട്കുന്ന് ജൻഡർ പാർക്ക് ഉദ്ഘാടനത്തിൽ കറുത്ത മാസ്‌കിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ സംഭവം പുറത്തു വന്നതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കറുത്ത മാസ്ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തർ ഉൾപ്പടെയുളളവരോട് മാസ്ക് മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കറുത്ത മാസ്കിന് പകരം മറ്റൊ
രു മാസ്ക് തരാമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാസ്ക് മാറ്റാൻ മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെയുളളവർ തയ്യാറായില്ല. തൊഴിൽ സമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് സൂചന.
ഇതിനിടെ സംഭവം വൻ വിവാദമായി. യൂത്ത് കോൺഗ്രസ് വിഷയം ഏറ്റുപിടിക്കുകയും ചെയ്തു. ട്രോളൻമാരും വിഷയം ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ, കെ.എസ്. യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത് , വി.ടി ബൽറാം എം എൽ എ തുടങ്ങിയവർ ഇതിനെതിരെ രംഗത്തെത്തി. കറുത്ത മാസ്ക് ധരിച്ച് ‘കറുത്ത ഹൃദയചിഹ്നം’ പങ്കിട്ട് ഷാഫി പറമ്പിൽ തന്നെ രംഗത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തി. കറുത്ത മാസ്കും ചിരിക്കുന്ന കുട്ടികളും എന്ന തലക്കെട്ടോടെയാണ് ബൽറാം പ്രതിഷേധിച്ചത്.