
മാനന്തവാടി: തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. തന്റെ വിശ്വാസ്യത തകർക്കാനായി രണ്ടുപേർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കേസെന്നും, കുട്ടിയുടെ മാതാപിതാക്കൾക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റ് കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം തട്ടിയെടുത്തെന്ന വയനാട് സ്വദേശികളുടെ പരാതിയെത്തുടർന്നായിരുന്നു ഫിറോസ് കുന്നുംപറമ്പിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ലെന്നും, തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും, രണ്ടു പേർ ഒന്നര വർഷമായി തുടർച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും, അതിന്റെ ഭാഗമാണ് ഈ കേസെന്നും ഫിറോസ് പറഞ്ഞു.
'മറ്റുള്ളവർക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഒടുവിൽ കുറ്റപ്പെടുത്തലും വിമർശനവുമാണ് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്. സമൂഹം അങ്ങനെയാണ്. ഒരാൾ 10 ദിവസം സ്വന്തം കൈയിൽ നിന്ന് പണം കൊടുത്ത് 10 പേർക്ക് ചോറുപൊതി കൊടുത്താലും 11 ആം ദിവസം ആരോപണം കേൾക്കും. ചാരിറ്റിയിലേക്ക് തിരിച്ചുവരേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്.'- ഫിറോസ് പറഞ്ഞു.