strike

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ. ഇതിന്റെ ഭാഗമായി ഈ മാസം 22മുതൽ അനിശ്ചിതികാല നിരാഹാരസമരം തുടങ്ങാനാണ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ശയനപ്രദക്ഷിണത്തിന് പിന്നാലെ സമരത്തിന് നേതൃത്വം കൊടുക്കുന്ന ലയ രാജേഷ് കൻറോൺമെന്റ് ഗേറ്റിന് മുന്നിൽ തളർന്നുവീണത് അല്പനേരം ആശങ്കയ്ക്കിടയാക്കി. ഉടൻതന്നെ ലയയെ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ഉദ്യോഗാർത്ഥികളുടെ സമരത്തിനെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ രംഗത്തെത്തി. കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നതെന്നും നടക്കാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നേരത്തേയും സമരത്തിനെതിരായ നിലപാടായിരുന്നു സി പി എമ്മിന്റേത്. മന്ത്രിമാർ ഉൾപ്പടെയുളളവർ സമരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ സൃഷ്ടിയാണ് സമരം എന്നായിരുന്നു അവരുടെ പ്രധാന വിവമർശനം.

ഉദ്യോഗാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വെളളിയാഴ്ച രാത്രി 11മണിമുതൽ ഒരുമണിവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ദിനേശ് പുത്തലത്തും പ്രൈവറ്റ് സെക്രട്ടറി ആർ മോഹനനും അസോസിയേഷനുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അതിനിടെ സമരം ചെയ്യുന്നവർക്ക് പി​ന്തുണനൽകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനെയും കെ.എസ്.ശബരിനാഥൻ എം എൽ എയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്.