
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ജമ്മു ബസ് സ്റ്റാന്റിൽ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഇത് നിർവീര്യമാക്കാനുളള ശ്രമം തുടരുകയാണ്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പുൽവാമ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിരിക്കുന്നത്. ബസ് സ്റ്റാന്റിൽ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. പ്രദേശത്തേക്ക് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. ബസ് സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും സൈന്യവും പൊലീസും ചേർന്ന് കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.
രണ്ടുവർഷം മുമ്പ് പുൽവാമയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 40 സി ആർ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അവധി കഴിഞ്ഞുമടങ്ങുന്നവർ അടക്കം 2547 ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപത്തുവച്ചായിരുന്നു ഭീകരരുടെ ആക്രമണം.ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി.