
കൊച്ചി: ബി പി സി എല്ലിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് അദ്ദേഹം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ രാജഗിരി ഹെലിപ്പാഡിൽ ഇറങ്ങിയാണ് അമ്പലമേട് വി.എച്ച്.എസ്.ഇ സ്കൂൾ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വൈസ് അഡ്മിറൽ എ.കെ. ചൗള, മേയർ എം.അനിൽകുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരുൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളി ഉൾപ്പടെയുള്ള എൻ ഡി എ നേതാക്കളും എത്തിയിരുന്നു.
ബി പി സി എല്ലിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ സംബന്ധിക്കുന്നുണ്ട്.
ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ റോറോ വെസ്സലുകൾ, കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെർമിനൽ 'സാഗരിക, കൊച്ചിൻ ഷിപ്പ്യാർഡിന്റെ മറൈൻ എൻജിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഉദ്ഘാടനം ചെയ്യും. കൊച്ചിൻ പോർട്ടിന്റെ സൗത്ത് കോൾ ബർത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. ആറായിരം കോടിയുടെ പദ്ധതികളാണ് അദ്ദേഹം നാടിന് സമർപ്പിക്കുന്നത്. ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. വി.എച്ച്.എസ്.ഇ സ്കൂളിൽ തന്നെ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് കോർകമ്മിറ്റിയോഗം. അരമണിക്കൂർ മാത്രമാണ് അദ്ദേഹം കോർകമ്മിറ്റിയോഗത്തിൽ പങ്കെടുക്കുക. ഇതിനുശേഷം വൈകിട്ട് 5.55ന് ഡൽഹിക്ക് മടങ്ങും.എന്നാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി എത്താൻ വൈകിയതോടെ മറ്റ് പരിപാടികളുടെ സമയവും അതനുസരിച്ച് മാറും.