monkey

തഞ്ചാവൂർ: കുരങ്ങന്മാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശു മരിച്ച നിലയിൽ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വീടിന്റെ മേൽക്കൂര തകർത്തെത്തിയ കുരങ്ങന്മാർ ഉറങ്ങിക്കിടന്ന എട്ടു ദിവസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തട്ടിയെടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് അമ്മ ഭുവനേശ്വരി പറയുന്നു.

വീടിനു മുകളിൽ കുരങ്ങന്മാരെ കണ്ട് താൻ നിലവിളിച്ചുകരഞ്ഞെന്ന് ഭുവനേശ്വരി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. മേൽക്കൂരയ്ക്ക് മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളെ കൊണ്ട് കുരങ്ങന്മാർ ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ പരിസരത്തുള്ള ജലാശയത്തിന് സമീപം കണ്ടെത്തുകയായിരുന്നു. മെഡിക്കൽ സംഘം സ്ഥലത്തെത്തി പരിശോധിച്ച ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.