
ചെന്നൈ: ചൈനയും പാകിസ്ഥാനും അടക്കമുളള ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ നെഞ്ചിൽ ഇടിത്തീവീഴ്ത്തിക്കൊണ്ട് രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ മേധാവി ജനറർ എം എം നരവണെയ്ക്ക് കൈമാറി. ചെന്നൈയിൽ വച്ചാണ് മെയ്ഡ് ഇൻ ഇന്ത്യ യുദ്ധടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറിയത്. സല്യൂട്ട് നൽകിയാണ് പ്രധാനമന്ത്രി ടാങ്കിനെ സ്വീകരിച്ചത്.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമ്മിത മെയിൻ ബാറ്റിൽ ടാങ്കാണ് അർജുൻ. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഒ ആണ് കരസേനയ്ക്കുവേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. ഇതിഹാസമായ മഹാഭാരതത്തിലെ വീരയോദ്ധാക്കളിൽ ഒരാളായ അർജുനന്റെ പേരാണ് ടാങ്കിന് നൽകിയിരിക്കുന്നത്. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് ടാങ്കിന്റെ പ്രവർത്തനവും. ശത്രുകേന്ദ്രങ്ങളെ മിന്നൽ വേഗത്തിൽ കൃത്യതയോടെ ആക്രമിക്കാൻ ഈ ടാങ്കിന് കഴിയും. 120 മില്ലീമീറ്റർ റൈഫിൾ തോക്ക് , അതിനോടു ചേർന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റർ യന്ത്രത്തോക്ക് ,മറ്റൊരു 12.7 മില്ലീമീറ്റർ വിമാനവേധ തോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങൾ. ഇതിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ശത്രുവിനുമാകില്ല.
കമാണ്ടർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിങ്ങനെ നാലു പേരാണ് ടാങ്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ടാങ്കിനു സംരക്ഷണം നൽകുന്നത് 'കാഞ്ചൻ' എന്നു പേരുള്ള ഡി ആർ ഡി ഒ വികസിപ്പിച്ച പ്രത്യേക കവചമാണ്. ടാങ്കിന്റെ പരമാവധി റോഡ് വേഗത മണിക്കൂറിൽ 70 കിലോമീറ്ററും മറ്റിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്ററുമാണ്.

അർജുൻ ടാങ്കിനെ മാർക്ക് 2 നിലവാരത്തിലേക്ക് എത്തിക്കുന്നതിന് നിരവധി സാങ്കേതികവിദ്യകളാണ് വികസിപ്പിച്ചെടുത്ത്.റിയാക്ടീവ് ആർമർ പ്ലേറ്റുകൾ ,ഓക്സിലറി പവർ യൂണിറ്റ് ,രാത്രി കാഴ്ച്ച സംവിധാനങ്ങൾ ,റിമോട് കൺട്രോൾഡ് വെപ്പൺ സ്റ്റേഷൻ,നഗര യുദ്ധ അതിജീവന സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇതിൽ ചിലത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.