
ശ്രീനഗർ: തന്നെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുളള. സിറ്റിംഗ് എം.പിയായ പിതാവും സഹോദരിയും കുട്ടികളും താനും വീട്ടുതടങ്കലിലാണെന്നാണ് ഒമർ ട്വിറ്റ് ചെയ്തത്. വീടിനു പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
'2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കാശ്‌മീർ ഇങ്ങനെയാണ്. ഒരു വിശദീകരണവും നൽകാതെ ഞങ്ങളെ വീടുകളിൽ തടവിലാക്കിയിരിക്കുകയാണ്. സിറ്റിംഗ് എം.പി കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടിൽ തടവിലാക്കിയിരുന്നത് ദൗർഭാഗ്യകരമാണ്. എന്റെ സഹോദരിയെയും കുട്ടികളെയും അവരുടെ വീട്ടിലും തടവിലാക്കിയിരിക്കുകയാണ്.' - ഒമർ അബ്ദുളള ട്വീറ്റ് ചെയ്തു. എന്നാൽ പുൽവാമ ആക്രമണത്തിന്റെ രണ്ടാംവാർഷിക ദിനമായതിനാൽ പ്രധാനപ്പെട്ട വ്യക്തികൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നാണ് ശ്രീനഗർ പൊലീസ് പറയുന്നത്. വീട് വിട്ട് പുറത്തേക്ക് പോകരുതെന്ന് എല്ലാവർക്കും നിർദേശമുണ്ടെന്നും ഇതിന്റെ ഭാഗമായി സുരക്ഷ വർദ്ധിപ്പിച്ചതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.