
ടൊറന്റോ: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കാനഡ. കാനഡയിലേക്ക് എത്തുന്ന എല്ലാ യാത്രികരും 22 മുതൽ ഹോട്ടലുകളിൽ നിർബന്ധിത ക്വാറന്റൈന് വിധേയരാകണമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം, കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ജനിതക മാറ്റം വന്ന കൊവിഡ് കാനഡയിലും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
പരിമിതമായ വിമാന സർവീസുകളാണ് നിലവിൽ രാജ്യത്തുള്ളത്. യാത്രികർക്ക് സർക്കാർ അംഗീകൃത ഹോട്ടലുകളിൽ മൂന്ന് രാത്രി താമസം റിസർവ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിനുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. എന്നാൽ, റോഡ് മാർഗം അമേരിക്ക - കാനഡ അതിർത്തി കടന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. പക്ഷെ എത്തിച്ചേരുന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് അധികൃതരെ കാണിച്ചിരിക്കണം. അതിനൊപ്പം തന്നെ രാജ്യത്ത് എത്തിയ ഉടൻ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. റോഡ് മാർഗം എത്തുന്ന അഞ്ച് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ക്വാറന്റൈൻ അനിവാര്യമായി വരുന്നതെന്ന് പൊതു സുരക്ഷാ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു.
വാക്സിനേഷൻ ഫലപ്രദം, ക്വാറന്റൈൻ അനിവാര്യം
കാനഡയിൽ വാക്സിനേഷൻ പ്രക്രിയ വളരെ ഫലപ്രദമായി നടക്കുന്ന രാജ്യമാണ് കാനഡ. വാക്സിനേഷൻ എടുത്ത ആളുകളേയും ക്വാറന്റൈനിൽ നിന്നും ഒഴിവാക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ നടത്തിയവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ല എന്നതിന് ഉറപ്പില്ല. അതിനാൽ ക്വാറന്റൈൻ ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി പാറ്റി ഹജ്ഡു പറഞ്ഞു.