
യാംങ്കോൺ: മ്യാന്മറിൽ പട്ടാള അട്ടിമറിയ്ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കുന്നു. ഇന്നലെ യാംങ്കോണിൽ വെള്ള നിറത്തിലുള്ള വസ്ത്രവും ധരിച്ച് ആംഗ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്നെഴുതിയ പ്ലക്കാഡുകളും കൈയ്യിലേന്തി എൻജിനിയറിംഗ് വിദ്യാർത്ഥികൾ അണിനിരന്നു. പത്ത് വർഷത്തിന് ശേഷം, രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്നലെ മ്യാന്മർ വീഥികളിൽ നടന്നത്. ജനബാഹുല്യം കൊണ്ട് നിറഞ്ഞ തെരുവുകളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ സഞ്ചരിച്ചത്. വിപ്ലവ ഗാനങ്ങൾ പാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും മ്യാന്മറിലാകെ ജനങ്ങൾ പ്രതിഷേധം തീർക്കുകയാണ്. പ്രതിഷേധക്കാരെല്ലാം തന്നെ സൂ ചിയുടെ ചിത്രം കൈയ്യിലേന്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം പട്ടാള അട്ടിമറിയെ ശക്തമായി എതിർക്കുമ്പോഴും ജനങ്ങളെ അടിച്ചമർത്താനാണ് മിൻ ഓംഗ് ശ്രമിക്കുന്നത് - ബ്രിട്ടൻ ആസ്ഥാമാക്കി പ്രവർത്തിക്കുന്ന മ്യാന്മർ മനുഷ്യാവകാശ പ്രവർത്തക വായ് നിൻ വിന്റ് തോൺ പറഞ്ഞു. അതേസമയം, തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് പട്ടാള മേധാവികൾ 23,000 ജയിൽ തടവുകാരെ വിട്ടയക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. സൈനിക മേധാവികൾക്കായി ഇവർ പ്രതിഷേധങ്ങൾക്കിടയിൽ കടന്നു കൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ജനങ്ങൾ വ്യാകുലപ്പെടുന്നു.
 അടിച്ചമർത്തലുമായി പട്ടാളം
പ്രക്ഷോഭ നേതാക്കളുടെ വീടുകളിൽ റെയ്ഡും അറസ്റ്റും തുടരുകയാണ്. 326 പേരെ അറസ്റ്റ് ചെയ്തതിൽ 303 പേരും ഇപ്പോഴും തടങ്കലിലാണ്. ഇവർ എവിടെയാണെന്ന് കുടുംബാംഗങ്ങളെ പോലും അറിയിച്ചിട്ടില്ല.
സൂ ചിയടക്കമുള്ള നേത്കാകളെ വിട്ടയയ്ക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടൻ കൊണ്ടുവന്ന പ്രമേയത്തെ ചൈനയുടെയും റഷ്യയുടെയും എതിർപ്പു മൂലം മയപ്പെടുത്തേണ്ടിവന്നു. അട്ടിമറിക്കു നേതൃത്വം നൽകിയ പട്ടാള ജനറൽമാർക്കെതിരെ കഴിഞ്ഞ ദിവസം അമേരിക്ക ഉപരോധമടക്കമുള്ളവ ഏർപ്പെടുത്തിയിരുന്നു. അതേസമയം, മ്യാൻമറിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.