
ബംഗളൂരു: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യുൻബെർഗ് സമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ച ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസിൽ ബംഗളൂരു സ്വദേശിയായ യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ. ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പെയ്നിന്റെ സഹ സ്ഥാപകയും ബംഗളൂരു മൗണ്ട് കാർമൽ കോളേജ് വിദ്യാർത്ഥിയുമായ ദിഷ രവിയെയാണ് (21) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂൾ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.
ഫെബ്രുവരി നാലിന് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഇന്നലെ ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽ നിന്നും
കസ്റ്റഡിയിലെടുത്ത ദിഷയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സമരപരിപാടികളുള്ള ഗൂഗിൾ ഡോക്യുമെന്റിന്റെ രണ്ട് വരി മാത്രമാണ് താൻ എഡിറ്റ് ചെയ്തതെന്നും കർഷക സമരത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിഷ കോടതിയിൽ വ്യക്തമാക്കി. പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും പട്യാല കോടതി അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടു.
രാജ്യത്തെ കർഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഗ്രെറ്റയുടെ ട്വീറ്റിലൂടെയാണ്. കർഷകസമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകർക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ടൂൾ കിറ്റെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം.
ടൂൾ കിറ്റ് നൽകിയത് ദിഷയെന്ന്
ഗ്രെറ്റയ്ക്ക് ടൂൾ കിറ്റ് നൽകിയത് ദിഷയാണെന്ന് പൊലീസ് പറഞ്ഞു. വസ്തുതകൾ പുറത്തായപ്പോൾ ഗ്രെറ്റയോട് ഡോക്യുമെന്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും ദിഷയാണ്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ടൂൾകിറ്റ് ഉണ്ടാക്കാൻ സഹകരിച്ചു. സമര പരിപാടികൾ തയ്യാറാക്കാൻ ഗൂഢാലോചന നടത്തി. ഖാലിസ്ഥാൻ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ദിഷ സഹകരിച്ചെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ടൂൾ കിറ്റ് നിർമ്മിച്ചവരുടെ ഐപി അഡ്രസും രജിസ്ട്രഷേൻ വിവരങ്ങളും ഇമെയിൽ ഐഡിയും ആവശ്യപ്പെട്ട് ഗൂഗിളിന് ഡൽഹി പൊലീസ് കത്ത് നൽകിയിട്ടുണ്ട്.
 അറസ്റ്റ് ക്രൂരതയാണ്. ഉപദ്രവിക്കാനും ഭയപ്പെടുത്താനുമാണ് ശ്രമം. ദിഷയ്ക്ക് ഐക്യദാർഢ്യം.
- കോൺഗ്രസ് നേതാവ് ജയറാം രമേശ്