chennai-cricket

ചെന്നൈ: ചെപ്പോക്കിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അടിപതറി ഇംഗ്‌ളണ്ട്. ഇന്ത്യ ഉയർത്തിയ 329 റൺസിനെതിരെ മറുപടി ബാറ്റിഗിനിറങ്ങിയ ഇംഗ്‌ളീഷ് ബാറ്റിംഗ് നിരയുടെ യാത്ര 134 റൺസിൽ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 195 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി. ആർ അശ്വിനും ഇഷാന്ത് ശർമക്കുമൊപ്പം അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അക്‌സർ പട്ടേലും മുഹമ്മദ് സിറാജും ചേർന്നാണ് ഇംഗ്ലീഷ് നിരയെ തകർത്ത് തരിപ്പിണമാക്കിയത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിലവിൽ പതിനെട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെതിരെ ആദ്യ വിക്കറ്റ് നേടിയത് ഇഷാന്ത് ശർമയാണ്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഇഷാന്ത്, റൊറി ബേൺസിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഒരു റൺസും എടുക്കാതെയായിരുന്നു റൊറി ബേൺസിന്റെ മടക്കം. എട്ടാമത്തെ ഓവറിൽ 25 പന്തിൽ 16 റൺസെടുത്ത ഡൊമിനിക് സിബ്‌ലിയെ അശ്വിൻ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. അടുത്തതായി 12 പന്തിൽ ആറ് റൺസെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റനെ അക്‌സർ പട്ടേൽ അശ്വിന്റെ കൈയിലെത്തിച്ചു. ഡാനിയൽ ലോറൻസ് (9), ബെൻ സ്‌റ്റോക്‌സ് (18) എന്നീ വമ്പന്മാരെയും അശ്വിൻ മുട്ടുകുത്തിച്ചു. 57 പന്തിൽ 22 റൺസെടുത്ത ഒലി പോപ്പിനെ പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജും ടെസ്റ്റിലെ കന്നി വിക്കറ്റ് സ്വന്തമാക്കി.

ആറ് റൺസെടുത്ത അലിയെ അക്‌സർ പട്ടേൽ രഹാനെയുടെ കൈയിലെത്തിച്ചതിനു പിന്നാലെ അടുത്ത ഓവറിൽ ഒലി സ്‌റ്റോണിനെ അശ്വിനും മടക്കി. രോഹിതാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. അഞ്ച് റൺസെടുത്ത ജാക്ക് ലീഷ് ഇഷാന്തിന്റെ പന്തിൽ പുറത്തായി. രണ്ട് പന്തിൽ റൺസൊന്നുമെടുക്കാതെ സ്റ്റുവർട്ട് ബ്രോഡിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ യാത്ര അവസാനിച്ചു. 107 പന്തിൽ 42 റൺസെടുത്ത ഫോക്‌സ് മാത്രമാണ് ഇന്ത്യൻ ബൗളിംഗിനെ പ്രതിരോധിച്ചത്. അശ്വിൻ അഞ്ച് വിക്കറ്റും ഇഷാന്ത് ശർമ രണ്ട് വിക്കറ്റും നേടിയപ്പോൾ അരങ്ങേറ്റക്കാരായ അക്‌സർ പട്ടേൽ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.