india-england-cricket

ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ടിനെ 134 റൺസിന് ആൾഔട്ടാക്കി ഇന്ത്യ, അശ്വിന് അഞ്ചുവിക്കറ്റ്

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 54/1, ആകെ 249 റൺസ് ലീഡ്

ചെന്നൈ : പ്രതീക്ഷിച്ചതുപോലെ സ്പിന്നർമാർക്ക് ആവശ്യത്തിലേറെ തിരിവ് സമ്മാനിച്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിൽ ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 134 റൺസിൽ അവസാനിപ്പിച്ച് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം വ്യക്തമായ ആധിപത്യവുമായി ഇന്ത്യ.

ആദ്യ ദിനം 300/6 എന്ന സ്കോറിലെത്തിയിരുന്ന ഇന്ത്യ ഇന്നലെ 329 റൺസിൽ ആൾഔട്ടായശേഷമാണ് ഇംഗ്ളീഷുകാരെ കശാപ്പുചെയ്തത്. 43 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അരങ്ങേറ്റക്കാരൻ അക്ഷർ പട്ടേലും വെറ്ററൻ പേസർ ഇശാന്ത് ശർമ്മയും ചേർന്നാണ് സന്ദർശകരെ സമ്മർദ്ദത്തിലാക്കിയത്. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെ‌ുത്തിട്ടുണ്ട്.ഇപ്പോൾ 249 റൺസിന് മുന്നിൽ നിൽക്കുകയാണ് ഇന്ത്യ.

ആദ്യ ദിനം രോഹിത് ശർമ്മയുടെ സെഞ്ച്വറിയും (161),അജിങ്ക്യ രഹാനെയുടെ അർദ്ധസെഞ്ച്വറിയുമായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന് തിളക്കമേകിയതെങ്കിൽ രണ്ടാം ദിനം റിഷഭ് പന്ത് അർദ്ധസെഞ്ച്വറി നേടി. തലേന്ന് 33 റൺസിലെത്തിയിരുന്ന റിഷഭ് ഇന്നലെ 58 റൺസുമായി പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ (5),ഇശാന്ത് ശർമ്മ(0),കുൽദീപ് (0),സിറാജ് (4) എന്നിവരുടെ വിക്കറ്റുകൾ കൂടിയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 77 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സുമടക്കമാണ് റിഷഭ് 58 റൺസടിച്ചത്. ഇംഗ്ളണ്ടിനായി മൊയീൻ അലി നാലും ഒല്ലി സ്റ്റോൺ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് ആദ്യ ഓവർ മുതൽ അടികിട്ടിത്തുടങ്ങി. ഇന്നിംഗ്സിലെ മൂന്നാമത്തെ പന്തിൽ ഇശാന്ത് ശർമ്മ റോറി ബേൺസിനെ (0) വിക്കറ്റിന് മുന്നിൽ കുരുക്കി മടക്കി അയച്ചു. തുടർന്ന് സ്പിന്നർമാർ കളി ഏറ്റെടുത്തു. അവിശ്വസനീയമായ ടേണിംഗ് കിട്ടിയ പിച്ചിൽ അശ്വിനും അക്ഷറും ചേർന്ന് ഇംഗ്ളീഷ് മുൻനിരയെ ചിതറിച്ചുകളഞ്ഞു. ടീം സ്കോർ 16ൽ വച്ച് അശ്വിൻ ഡോം സിബിലിയെ(16) കൊഹ്‌ലിയുടെ കയ്യിലെത്തിച്ചു. കഴിഞ്ഞ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ തോൽവിക്ക് പ്രധാനകാരണക്കാരനായ ജോ റൂട്ടിനെ തന്റെ ടെസ്റ്റിലെ ആദ്യ ഇരയാക്കി മാറ്റുകയായിരുന്നു അക്ഷർ. ഓഫ് സ്റ്റംപിന് പുറത്തേക്ക് ടേൺ ചെയ്ത പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ച റൂട്ടിന് ബൗൺസ് ജഡ്ജ് ചെയ്യുന്നതിൽ പിശക് പറ്റി ഉയർന്നുപൊങ്ങിയപ്പോൾ ഷോർട്ട് ഫൈൻ ലെഗിൽ അശ്വിനാണ് ഈസി ക്യാച്ചെടുത്തത്. തുടർന്ന് അശ്വിൻ ഡാൻ ലോറൻസിനെയും (9), ബെൻ സ്റ്റോക്സിനെയും (18) പുറത്താക്കിയതോടെ ഇംഗ്ളണ്ട് 52/4 എന്ന നിലയിലായി.

തുടർന്ന് ഒല്ലീ പോപ്പ് (22),ബെൻ ഫോക്സ് (42*) എന്നിവർ അൽപ്പനേരം ചെറുത്തുനിന്നു.ടീം സ്കോർ 87ൽ വച്ച് പോപ്പിനെ പുറത്താക്കി സിറാജ് വീണ്ടും പ്രഹരം തുടങ്ങി. തുടർന്ന് ഫോക്സ് ഒരറ്റത്ത് പൊരുതി നിൽക്കവേ മൊയീൻ അലി(6),ഒല്ലീ സ്റ്റോൺ (1),ലീച്ച്(5), ബ്രോഡ് (0) എന്നിവർ പുറത്തായതോടെ ഇംഗ്ളീഷ് ഇന്നിംഗ്സിന് കർട്ടൻ വീണു. മാെയീൻ അലിയെ അക്ഷർ പുറത്താക്കിയപ്പോൾ സ്റ്റോൺ,ബ്രോഡ് എന്നിവരെ അശ്വിൻ പുറത്താക്കി. ഇശാന്തിനായിരുന്നു ലീച്ചിന്റെ വിക്കറ്റ്.

195 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (14)വിക്കറ്റാണ് നഷ്ടമായത്. ആദ്യ ഇന്നിംഗ്സിൽ ഡക്കായ ഗിൽ ഇന്നലെ ലീച്ചിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. 25 റൺസ് നേടിയ രോഹിതിനൊപ്പം ഏഴു റൺസുമായി ചേതേശ്വർ പുജാരയാണ് ക്രീസിൽ. പിച്ച് സ്പിന്നർമാരെ കൂടുതൽ സഹായിക്കുകയേയുള്ളൂ എന്നതിനാൽ പരമാവധി റൺസ് നേടിയശേഷം ഇംഗ്ളണ്ടിനെ രണ്ടാം ഇന്നിംഗ്സിലും വേഗം ആൾഔട്ടാക്കാനാവും ഇന്ത്യൻ ശ്രമം.