
വാഷിംഗ്ടൺ: ഉടമയുടെ മരണശേഷം എട്ടുവയസുള്ള നായയ്ക്ക് പാരമ്പര്യ സ്വത്തായി ലഭിച്ചത് അഞ്ച് ദശലക്ഷം യു.എസ് ഡോളർ. അതായത്, 36,29,55,250 ഇന്ത്യൻ രൂപ. ബോർഡർ കോളി ഇനത്തിൽ പെട്ട ലുലു എന്ന നായയാണ് യജമാനനായ യു.എസിലെ ടെന്നിസി സ്വദേശി ബിൽ ഡോറിസിന്റെ മരണശേഷം കോടീശ്വരനായത്.
തന്റെ സമ്പാദ്യം ഒരു ട്രസ്റ്റിന് നൽകുന്നതായാണ് ബിൽ ഡോറിസ് വിൽപത്രത്തിൽ പറയുന്നത്. പക്ഷെ ഈ സ്വത്ത് ലുലുവിനെ പരിപാലിക്കാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. തന്റെ സുഹൃത്തായ മാർത്താ ബർട്ടണിനെയാണ് ബോറിസ് നായയെ പരിപാലിക്കാനായി ഏൽപ്പിച്ചത്. മാർത്തയ്ക്ക് ലുലുവിനെ പരിപാലിക്കാനായി മാത്രം പ്രതിമാസം ഒരു നിശ്ചിത തുക വാങ്ങിച്ചെടുക്കാമെന്നും വിൽപത്രത്തിൽ പറയുന്നുണ്ട്. അതേസമയം, ബിൽ ഡോറിസിന്റെ ഭൂമികളുടെ മൂല്യം എത്രയാണെന്ന് കൃത്യമായ ധാരണ ലഭ്യമല്ല. പാശ്ചാത്യ രാജ്യങ്ങളിൽ വളർത്തുമൃഗങ്ങൾക്കായി സ്വത്തുവകകൾ ഉടമസ്ഥർ മാറ്റിവയ്ക്കുന്നത് സാധാരണ സംഭവമാണ്.