esme-and-manson

ന്യൂയോർക്ക്: പ്രശസ്ത സംഗീതജ്ഞൻ മെർലിൻ മാൻസണെതിരെ മീ ടു ആരോപണവുമായി ഗെയിം ഒഫ് ത്രോൺസ് ടെലിവിഷൻ സീരിസിലൂടെ ഹോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറിയ എസ്മെ ബിയാൻകോ. എന്നെ പൂർണമായി തകർത്ത വ്യക്തിയാണയാൾ. ശാരീരികമായും മാനസികമായും എന്നെ ചൂഷണം ചെയ്ത അയാൾ സ്ത്രീകളെ വലവീശി പിടിക്കുന്നവനാണ് - ബിയാൻകോ പറയുന്നു. മാൻസൻ തനിയ്ക്കയച്ച മെയിലുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവ അടക്കമുള്ള തെളിവുകളുമായി അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട തിക്താനുഭവങ്ങളെക്കുറിച്ച് ബിയാൻകോ വെളിപ്പെടുത്തിയത്. 2019ൽ മാൻസന്റെ അതിക്രമങ്ങൾ മൂലം ശരീരത്തിലുണ്ടായ മുറിവുകളുടെ ഫോട്ടോ ബിയാൻകോ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.

 എസ്മെയുടെ വാക്കുകൾ
2005ലാണ് മാൻസനെ പരിചയപ്പെട്ടത്. അയാളുടെ ഭാവി വധുവായ ഡിറ്റ വൻ ടീസും ഒപ്പമുണ്ടായിരുന്നു. 2007ൽ ഈ ബന്ധം പിരിഞ്ഞു. തുടർന്നാണ് ഞാനുമായി സൗഹൃദത്തിലായത്. 2009ൽ മാൻസനൊപ്പം ഒരു മ്യൂസിക് വിഡിയോയിൽ അഭിനയിക്കുന്ന സമയത്താണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രൊഫഷണലിസത്തിന്റെ ഭാഗമായാണ് ആ രംഗത്തിൽ അഭിനയിക്കാൻ ഞാൻ തയാറായത്. വീഡിയോയുടെ ഭാഗമായിരുന്നിട്ട് കൂടി അയാൾ അക്രമാസക്തനായി. കേബിൾ ഉപയോഗിച്ച് കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ചു. തുടർന്ന് അയാൾ ഇലക്ട്രോണിക് സെക്സ് ടോയ് പ്രയോഗിച്ചു.’– ബിയാങ്കോ പറഞ്ഞു. ആ മൂന്ന് ദിവസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്. ‘അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു ഷൂട്ടിംഗ്. ഭക്ഷണത്തിന് പകരം കൊക്കെയ്നാണ് നൽകിയത്. എന്റെ സമ്മതമില്ലാതെ അയാൾ ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ശരീരമാകെ കടിച്ച് മുറിവേൽപിച്ചു. എന്റെ ഉറക്കവും സംസാരവും വരെ അയാൾ നിയന്ത്രിച്ചു. സത്യത്തിൽ ഒരു തടവുകാരിയെ പോലെയായിരുന്നു ഞാൻ. അവനെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ ഞാൻ നിർബന്ധിതയാകുകയായിരുന്നു. ഒടുവിൽ എന്റെ കുടുംബത്തെ രഹസ്യമായി വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. മാൻസനുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും നേരിട്ട ക്രൂര പീഡനങ്ങൾ മാനസികമായി എന്നെ തളർത്തി. പലതവണ പാനിക് അറ്റാക്ക് ഉണ്ടായി - ബിയാൻകോ പറഞ്ഞു.

 സത്യമല്ലെന്ന് മാൻസൻ

തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെയെല്ലാം മാൻസൻ നിരസിച്ചു. എന്നാൽ, മാൻസന്റെ മുൻകാമുകി ഇവാൻ റേച്ചൽവുഡ് അടക്കം പല സ്ത്രീകളും ഇയാൾക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.