
മെൽബൺ : ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മുൻനിര താരങ്ങളായ സെറീന വില്യംസ്,നവോമി ഒസാക്ക,സിമോണ ഹാലെപ്പ്,ഡൊമിനിക്ക് തീം എന്നിവർ ക്വാർട്ടർഫൈനലിലേക്ക് കടന്നു.
മുൻ ചാമ്പ്യനായ സെറീന വില്യംസ് പ്രീ ക്വാർട്ടറിൽ ഏഴാം സീഡ് ബെലാറസ് താരം അര്യാന സബലേങ്കയെയാണ് കീഴടക്കിയത്. സ്കോർ :6-4,2-6,6-2. ആദ്യ സെറ്റ് നേടി ആത്മവിശ്വാസം പ്രകടിപ്പിച്ച സെറീനയെ രണ്ടാം സെറ്റിൽ സബലേങ്ക ശരിക്കും വിറപ്പിച്ചു. എന്നാൽ 39കാരിയായ സെറീന തന്റെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത് മൂന്നാം സെറ്റിൽ വിജയം കണ്ടു.
കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ തന്നെ തോൽപ്പിച്ച പോളണ്ടുകാരി ഇഗ ഷ്വാംടെക്കിനോട് പകരം വീട്ടുകയായിരുന്നു മുൻ ലോക ഒന്നാം നമ്പരായ റൊമേനിയൻ താരം സിമോണ ഹാലെപ്പ്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇഗ കീഴടങ്ങിയത്.6-3ന് ആദ്യ സെറ്റ് ഇഗയാണ് നേടിയത്. എന്നാൽ 6-1ന് രണ്ടാം സെറ്റ് സ്വന്തമാക്കി സിമോണ തിരിച്ചുവന്നു. 6-4ന് മൂന്നാം സെറ്റും സിമോണ നേടിയെടുത്തു. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ഗ്രാൻസ്ളാം സിംഗിൾസ് ചാമ്പ്യനാകുന്ന ആദ്യ പോളിഷ് വനിതയായി ഇഗ റെക്കാഡ് സൃഷ്ടിച്ചിരുന്നു.
മൂന്ന് സെറ്റിലേക്ക് നീണ്ട മറ്റൊരു നാലാം റൗണ്ട് പോരാട്ടത്തിൽ ഗാർബീൻ മുഗുരുസയെ കീഴടക്കിയാണ് മൂന്നാം സീഡായ നവോമി ഒസാക്ക ക്വാർട്ടറിലെത്തിയത്. 4-6,4-6,7-5 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ വിജയം.പുരുഷ സിംഗിൾസിൽ ഗ്രിഗോർ ഡിമിത്രോവിനെ തോൽപ്പിച്ചാണ് ഡൊമിനിക്ക് തീം ക്വാർട്ടറിലെത്തിയത്. സ്കോർ : 6-4,6-4,6-0.