
ചെന്നൈ: പുൽവാമയിൽ 2019ൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതൃരാജ്യത്തെ സംരക്ഷിക്കാൻ പൂർണപ്രാപ്തരാണെന്നു തെളിയിച്ച നമ്മുടെ സുരക്ഷാസേനയിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി മോദി ചെന്നൈയിൽ പറഞ്ഞു. 'ഒരു ഇന്ത്യക്കാരനും ഈ ദിവസം മറക്കാൻ കഴിയില്ല. രണ്ടു വർഷം മുമ്പുണ്ടായ പുൽവാമ ആക്രമണത്തിൽ നമുക്കു നഷ്ടപ്പെട്ട എല്ലാ രക്തസാക്ഷികൾക്കും ആദരാഞ്ജലി അർപ്പിക്കുന്നു – മോദി പറഞ്ഞു. തമിഴ്നാട്ടിൽ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യായിരം കോടിയുടെ വികസന പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒ. പനീർസെൽവം എന്നിവരുമായി മോദി അനൗപചാരിക ചർച്ച നടത്തി.
അർജുന് മോദിയുടെ 'സല്യൂട്ട്'
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാമേധാവി ജനറൽ എം.എം. നരവനെയ്ക്ക് ചെന്നൈയിൽ വച്ച് കൈമാറി. സല്യൂട്ട് നൽകിയാണ് പ്രധാനമന്ത്രി ടാങ്കിനെ സ്വീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമ്മിത മെയിൻ ബാറ്റിൽ ടാങ്കാണ് അർജുൻ. ഡി.ആർ.ഡി.ഒ ആണ് ടാങ്ക് വികസിപ്പിച്ചത്. 120 മില്ലീമീറ്റർ റൈഫിൾ തോക്ക്, അതിനോടു ചേർന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റർ യന്ത്രത്തോക്ക്, 12.7 മില്ലീമീറ്റർ വിമാനവേധ തോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങൾ. ടാങ്കിന്റെ പരമാവധി റോഡ് വേഗത മണിക്കൂറിൽ 70 കിലോമീറ്റർ.
കറുത്ത മാസ്കിന് വിലക്ക്
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഉദ്ഘാടനവേദിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്ക് ധരിപ്പിച്ച ശേഷമാണ് പൊലീസ് അനുമതിനൽകിയത്.