
ഫ്ലോറിഡ: അമ്മാവന്റെ അസ്ഥികൂടം കൊണ്ട് ഗിത്താർ നിർമ്മിച്ച് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡ സ്വദേശിയായ പ്രിൻസ് മിസ്‌നൈറ്റ്. സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മാവൻ നൽകാൻ പറ്റിയ ഏറ്റവും മികച്ച ആദരമാണിതെന്ന് ഗിറ്റാറിസ്റ്റായ പ്രിൻസ് പറയുന്നു. 25 വർഷങ്ങൾക്ക് മുമ്പാണ് പ്രിൻസിന്റെ അമ്മാവനായ ഫിലിപ്പ് മരിക്കുന്നത്.എന്നാൽ, ഫിലിപ്പിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി കൈമാറിയിരുന്നു. വർഷങ്ങളോളം ഫിലിപ്പിന്റെ മൃതദേഹം വിദ്യാർത്ഥികള്‍ കീറിമുറിച്ചു. പിന്നീട്, അസ്ഥികൂടം ബന്ധുക്കൾക്ക് വിട്ടുനൽകി. മതാചാരപ്രകാരം ദഹിപ്പിക്കാനാവില്ലെന്ന സാഹചര്യം വന്നപ്പോഴാണ് അസ്ഥികൂടം കൊണ്ട് ഗിറ്റാർ ഉണ്ടാക്കാൻ പ്രിൻസ് തീരുമാനിച്ചത് . അസ്ഥികൂടത്തിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഗിറ്റാറിന്റെ രൂപം നൽകിയത്. സ്ട്രിംഗുകളും ശബ്ദം ക്രമീകരിക്കാനുള്ള നോബുകളും മറ്റ് ഭാഗങ്ങളുമെല്ലാം അസ്ഥികൂടത്തിൽ ഘടിപ്പിച്ചാണ് ഗിറ്റാർ ഉണ്ടാക്കിയത്. അസ്ഥികൂട ഗിറ്റാർ വായിക്കുന്ന ദൃശ്യങ്ങളും പ്രിൻസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.