ldf

ചെറുവത്തൂർ: തെറ്റായ കണക്കുകൾ പ്രചരിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളവിന്റെ അഗ്രഗാമിയായി മാറിയിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ യാത്രയ്ക്ക് കണ്ണൂർ ജില്ലാതിർത്തിയിൽ നൽകിയ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജാഥാ ലീഡറായ വിജയരാഘവൻ.

പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും രാവിലെ ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് യോഗയും പെട്രോൾ വില വർദ്ധനവും. വാഹനം വാങ്ങിക്കാനെന്നപോലെ ഇന്ന് പെട്രോളടിക്കാനും ലോണെടുക്കേണ്ട അവസ്ഥയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് കൈമാറി വരികയാണ്. കോർപറേറ്റ് പണത്തിന്റെ കരുത്തിൽ ഹിന്ദു തീവ്രവാദം രാജ്യത്തിന്റെ അടിത്തറ തകർക്കും. ജനങ്ങളുടെ നാളത്തെ സംരക്ഷണം കൂടി കണക്കാക്കിയുള്ളതാണ് ഇടതുപക്ഷത്തിന്റെ ഭരണമെന്നും വിജയരാഘവൻ പറഞ്ഞു.

പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച മുൻകൂട്ടിക്കണ്ടുള്ള വിഭ്രാന്തിയാണ് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വിലകുറഞ്ഞ പ്രതികരണങ്ങളെന്ന് ചടങ്ങിൽ സംസാരിച്ച എൽ.ജെ.ഡി.നേതാവും മുൻ മന്ത്രിയുമായ കെ.പി. മോഹനൻ പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.