
ധാക്ക : രണ്ടാം ടെസ്റ്റിൽ ബംഗ്ളാദേശിനെ 17 റൺസിന് തോൽപ്പിച്ച വെസ്റ്റ് ഇൻഡീസ് 2-0ത്തിന് പരമ്പര തൂത്തുവാരി. ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 231 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ളാദേശിനെ 213 റൺസിൽ ആൾഔട്ടാക്കിയാണ് വിൻഡീസുകാർ വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 409 റൺസ് നേടിയിരുന്ന വിൻഡീസിനെതിരെ ആതിഥേയർ 296 റൺസിന് ആൾഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിനെ 117 റൺസിന് ആൾഔട്ടാക്കിയതോടെ ബംഗ്ളാദേശിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നാലുവിക്കറ്റ് വീഴ്ത്തിയ റഖീം കോൺവാളും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോമൽ വാരിക്കാനും ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ചേർന്ന് 13 റൺസകലെ അവരെ പിടിച്ചുനിറുത്തി.
ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്ന റഖീം കോൺവാളാണ് മാൻ ഒഫ് ദ മാച്ച്. വിൻഡീസിന്റെ ക്രുമ ബോണർ മാൻ ഒഫ് ദ സിരീസായി. കൊവിഡ് പശ്ചാത്തലത്തിൽ രണ്ടാം നിര ടീമുമായാണ് വിൻഡീസ് ബംഗ്ളാദേശ് പര്യടനത്തിനെത്തിയിരുന്നത്.