pinarayi-vijayan

കൊച്ചി: ബി.പി.സി.എൽ. വിൽപ്പനയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി പ്ലാന്റ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന പദ്ധതികളിൽ കേന്ദ്രവുമായി സഹകരിക്കാൻ സംസ്ഥാനം സന്നദ്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.പി.സി.എൽ. പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ചു.

കഴിഞ്ഞ നാലര വര്‍ഷങ്ങളായി വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നത്. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചുകൊണ്ടുമാണ് അത് സാധ്യമാക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സദാസജ്ജമാണ്. സമഗ്രവും സമതുലിതവുമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി തുറമുഖം, കൊച്ചി റിഫൈനറീസ് എന്നിവടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ബി.പി.സി.എൽ. കൊച്ചിൻ റിഫൈനറിയിലെ 6000 കോടി രൂപയുടെ പെട്രോളിയം ഡിറവേറ്റീവ് പെട്രോ കെമിക്കൽ പദ്ധതിയാണ് വ്യവസായ മേഖല പ്രതീക്ഷയോടെ കാണുന്നത്. നിലവിൽ രാജ്യം ഇറക്കുമതി ചെയ്യുന്ന നിഷ് പെട്രോ കെമിക്കലുകൾ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാകും ഇനി കൊച്ചിൻ റിഫൈനറീസ്. പെയിന്റ് മുതൽ ഡിറ്റർജെന്റ് നിർമ്മാണത്തിന് വേണ്ടിയുള്ള പലതരം അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കാൻ കഴിയുന്നതോടെ നിക്ഷേപ സാധ്യതക്കും സംസ്ഥാനത്ത് വഴിതെളിയും. കിൻഫ്രയുടെ നിർദ്ദിഷ്ട പെട്രോകെമിക്കൽ പാർക്കിനും ഇത് നേട്ടമാകും.