
കൊച്ചി: സംസ്ഥാനത്ത് ജനപിന്തുണ ആര്‍ജ്ജിക്കാനുള്ള പൊതു നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കൂടുതലായിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ജനകീയ അടിത്തറ വർദ്ധിപ്പിക്കാൻ ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. കോര്‍ കമ്മിറ്റി യോഗം അവസാനിച്ച ശേഷം നടത്തിയ പ്രതിരണത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന സമയത്ത് ഏതെല്ലാം തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടനാ തലത്തിൽ ഉണ്ടാകണമെന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി നൽകിയതെന്ന് കോർ കമ്മിറ്റി യോഗം കഴിഞ്ഞിറങ്ങിയ ബിജെപി നേതാക്കൾ പറഞ്ഞു. സംഘടനാപരമായി കേരളത്തിൽ പാർട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നും അതിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നും പ്രധാനമന്ത്രി സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയതെന്നും വിവരമുണ്ട്.
എല്ലാ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നും അതിനുള്ള പരിശ്രമങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് എന്നും മോദി പറഞ്ഞതായാണ് സൂചന.
കേന്ദ്രത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം ബിജെപി സംസ്ഥാന ഘടകത്തിനുണ്ടെന്നും പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിലെ ബിജെപി സീറ്റുകളുടെ എണ്ണം ഒന്നില്‍ നിന്ന് 71 ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പ്രതികരിച്ചു. കേരളത്തിലെ കാലിക രാഷ്ട്രീയ സാഹചര്യം ബിജെപി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.