
ന്യൂഡൽഹി: ടിക് ടോക്കിന്റെ ഇന്ത്യൻ നടത്തിപ്പ് അവകാശം ബാംഗ്ലൂർ ആസ്ഥാനമായ ഗ്ലാൻസ് ഡിജിറ്റൽ എക്സ്പീരിയൻസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസുമായി ഗ്ലാൻസ് ചർച്ചകൾ നടത്തുന്നതായുള്ള വിവരങ്ങൾ ബ്ലൂംബെർഗ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് ടിക് ടോക്കിനും മറ്റ് അൻപത്തിയെട്ട് ചൈനീസ് ആപ്ലിക്കേഷനുകൾക്കും ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ആരംഭിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ കമ്പനികൾ തയ്യാറായിട്ടില്ല.
ചർച്ച പുരോഗമിക്കുകയാണെങ്കിലും ടിക് ടോക്കിന്റെ ഉപയോക്തൃ ഡാറ്റയും സാങ്കേതികവിദ്യയും അതിർത്തിക്കുള്ളിൽ തന്നെ തുടരണമെന്ന് ഇന്ത്യൻ സർക്കാർ നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിരോധനത്തിന് ശേഷം സമാനമായ നിരവധി ആപ്ലിക്കേഷനുകൾ പുറത്തിറങ്ങിയെങ്കിലും ടിക് ടോക്കിന് ലഭിച്ച സ്വീകാര്യത ഇവയ്‌ക്കൊന്നും ലഭിക്കുകയുണ്ടായില്ല. എങ്കിലും ടിക് ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തിയാൽ പഴയ പ്രതാപം തിരിച്ചുപിടിക്കാനുളള സാദ്ധ്യതയേറെയാണ്.